ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് ശൗഖി അല്ലാം ജാമിഉൽ ഫുതൂഹ് സന്ദർശിച്ചു
പൗരന്മാർ ഭരണഘടന അനുസരിച്ച് ജീവിക്കാൻ തയാറാകുകയും ഭരണാധികാരികൾ പൗരന്മാർക്ക് അർഹമായ ഭരണഘടനാ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് ശൈഖ് ശൗഖി അല്ലാമും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു
കോഴിക്കോട്: ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് ശൗഖി അല്ലാം ജാമിഉൽ ഫുതൂഹ് സന്ദർശിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥിയായെത്തിയ അദ്ദേഹം മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ ജുമുഅയ്ക്കു നേതൃത്വം നൽകി. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അൽഅസ്ഹർ യൂനിവേഴ്‌സിറ്റിയിൽനിന്ന് പി.എച്ച്.ഡി നേടിയ ശൈഖ് ശൗഖി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയാണ്. ലോകമെമ്പാടുമുള്ള ഫത്വ അതോറിറ്റികൾക്കായുള്ള ജനറൽ സെക്രട്ടേറിയേറ്റ് സുപ്രിം കൗൺസിലിന്റെ ആദ്യ പ്രസിഡന്റാണ്.
ജാമിഉൽ ഫുതൂഹിൽ വിവിധ മേഖലകളിലെ പണ്ഡിതന്മാരുമായും വിശ്വാസികളുമായും അദ്ദേഹം സംവദിച്ചു. നോളജ് സിറ്റിയിലെ വിദ്യാഭ്യാസം, ആരോഗ്യം, സാംസ്‌കാരികം, പാർപ്പിടം, വാണിജ്യം, കൃഷി എന്നീ മേഖലകളിലെ മേധാവികളുമായുള്ള ചർച്ച നടത്തി. ശേഷം നോളജ് സിറ്റിയിലെ വിവിധ സംരംഭങ്ങൾ സന്ദർശിച്ചു. സയ്യിദ് അലി ബാഫഖി, സി. മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഇബ്രാഹിം നജം കെയ്‌റോ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
വിജ്ഞാനത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പൈതൃകം മുറുകെപ്പിടിക്കണമെന്ന് ശൈഖ് ശൗഖി അല്ലാമും കാന്തപുരം അബൂബക്കർ മുസ്‌ലിയാരും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇരുവരും ആഹ്വാനം ചെയ്തു. രാജ്യനന്മയ്ക്കു വേണ്ടി ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ഇന്ത്യയിലെയും ഈജിപ്തിലെയും ഭരണഘടനകൾ എല്ലാവിധ പൗരന്മാർക്കും ജാതിമത ഭേദമന്യേ തുല്യസ്വാതന്ത്ര്യം നൽകുന്നുവെന്നത് ഈ രാജ്യങ്ങളെ തമ്മിൽ കൂടുതലായി ബന്ധിപ്പിക്കുന്ന മുഖ്യ ഘടകമാണ്. അതുകൊണ്ട് തന്നെ പൗരന്മാർ ഭരണഘടന അനുസരിച്ച് ജീവിക്കാൻ തയാറാകുകയും, ഭരണാധികാരികൾ പൗരന്മാർക്ക് അർഹമായ ഭരണഘടനാ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും നിലനിൽപ്പ് വിദ്യാഭ്യാസം, സാഹോദര്യം, ഐക്യം എന്നിവയെ ആശ്രയിച്ചാണിരിക്കുന്ത്. മനുഷ്യരാശിയെ ഉന്നതമായ ധാർമികതയിലേക്ക് നയിക്കുന്ന അടിസ്ഥാന ഘടകങ്ങളാണവ. ഇവ മുറുകെപ്പിടിച്ചു രാജ്യനന്മയ്ക്കായി പ്രവർത്തിക്കാൻ യുവാക്കൾ പ്രതിജ്ഞാബദ്ധരാവണം. മതങ്ങളുടെയും ഭാഷകളുടെയും വംശങ്ങളുടെയും വർണങ്ങളുടെയും വൈവിധ്യങ്ങൾ ഉൾക്കൊണ്ട് എല്ലാവരെയും ഒരേചരടിൽ കോർത്തിണക്കുന്ന ഇന്ത്യയ്ക്കു ലോകത്തിന് മുന്നിൽ അഭിമാനകരമായ സ്ഥാനമുണ്ട്. ഇന്ത്യൻ ജനത പൊതുവെയും, മുസ്ലിംകൾ പ്രത്യേകിച്ചും തങ്ങളെ ഒരുമിച്ചുകൂട്ടിയ ഈ ചരട് മുറിയാതിരിക്കാൻ വളരെയെറെ ശ്രദ്ധാലുക്കളായിരിക്കണം.
ഈജിപ്തിലെയും ഇന്ത്യയിലെയും പണ്ഡിതന്മാർ ഇരു രാജ്യങ്ങളിലും മതങ്ങൾക്കിടയിൽ സഹിഷ്ണുതയും സൗഹാർദ്ദവും പ്രചരിപ്പിക്കുന്നതിന് ഒരുമിച്ചുചേർന്ന് പ്രവർത്തിക്കും. ഇരു രാജ്യങ്ങൾക്കിടയിലെ വൈജ്ഞാനിക നൈപുണി കൈമാറ്റങ്ങൾക്ക് യൂനിവേഴ്‌സിറ്റികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. വൈജ്ഞാനിക ഗവേഷണ സാങ്കേതിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഫത്വാ കൗൺസിലും ഈജിപ്ഷ്യൻ ഫത്വാ കൗൺസിലും സഹകരിച്ച് കോൺഫറൻസുകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു.
Summary: Grand Mufti of Egypt Dr. Shaykh Shawki Allam visited Jamiul Futuh at Markaz Knowledge City, Kozhikode
Adjust Story Font
16