ഉപ്പിലിട്ട് കുഴിച്ചിട്ട മനുഷ്യമാംസം കണ്ടെത്തി; സൂക്ഷിച്ചത് പാചകം ചെയ്തു കഴിക്കാനെന്ന് സംശയം
കൊച്ചിയിൽനിന്നടക്കം വിദ്യാർഥികളെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച് ഷാഫി ദുരുപയോഗം ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിൽ ആരൊക്കെ ജീവനോടെയുണ്ടെന്ന് പൊലീസ് അന്വേഷിക്കും
തിരുവല്ല: പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ ഉപ്പിട്ട് സൂക്ഷിച്ചിരുന്ന മനുഷ്യമാംസം കണ്ടെത്തി. പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിലാണ് മാംസം കണ്ടെത്തിയത്. കൊല്ലപ്പെട്ട പത്മത്തിന്റെ ശരീര ഭാഗങ്ങളാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
തിങ്കളാഴ്ച ഇലന്തൂരിൽ നടന്ന പരിശോധനയിലാണ് മാംസം കണ്ടെത്തിയത്. എന്നാൽ, കണ്ടെത്തിയത് മാംസമാണെന്ന് ഇപ്പോഴാണ് സ്ഥിരീകരിക്കുന്നത്. പാചകം ചെയ്തു കഴിക്കുന്നതിനു വേണ്ടി പ്രതികൾ സൂക്ഷിച്ചതാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. നരബലിക്കുശേഷം റോസ്‌ലിന്റെ ശരീരഭാഗങ്ങൾ പാചകം ചെയ്തു കഴിച്ചിരുന്നതായി പ്രതി ലൈല നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ, പത്മത്തിന്റെ ശരീരഭാഗങ്ങൾ ഭക്ഷിച്ചിരുന്നില്ലെന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.
അതിനിടെ, നരബലിക്കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ച കോടതി മൂന്ന് പ്രതികളെയും 12 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 24 വരെയാണ് കസ്റ്റഡി കാലാവധി. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ഷാഫി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനാൽ അന്വേഷണവും തെളിവെടുപ്പും പൂർത്തിയാക്കണം. ഫോറൻസിക് പരിശോധന നടത്തണം. അതിന് പ്രതികളുടെ സാന്നിധ്യം അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
അതേസമയം, കൊച്ചിയിൽനിന്നടക്കം വിദ്യാർഥികളെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച് ഷാഫി ദുരുപയോഗം ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു. ഇവരിൽ ആരൊക്കെ ജീവനോടെയുണ്ടെന്ന് പൊലീസ് അന്വേഷിക്കും. ഷാഫി ഉപയോഗിച്ചിരുന്ന ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിശദംശങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 മുതൽ ഷാഫിയും ഭഗവൽ സിങ്ങും നടത്തിയ 150ലേറെ ചാറ്റും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഭഗവൽ സിങ്ങിനു പുറമെ മാറ്റാരെങ്കിലുമായി ഷാഫി ചാറ്റ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ഭഗവൽ സിങ്ങിനും ലൈലയ്ക്കും 13 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഇലന്തൂർ സഹകരണ ബാങ്ക് ശാഖയിൽനിന്ന് എട്ടു ലക്ഷം രൂപയുടെ വായ്പയെടുത്തിട്ടുണ്ട്. പലിശയിനത്തിൽ 50,000 രൂപ അടച്ച് കഴിഞ്ഞ മാർച്ചിൽ വായ്പ പുതുക്കിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചു.
Summary: Human flesh buried in salt found in Elantur human sacrifice case
Adjust Story Font
16