'തീവെപ്പിന് ശേഷം അതേ ട്രെയിനില്‍ കണ്ണൂരിലെത്തി, രത്നഗിരിയിലേക്ക് പോയത് ടിക്കറ്റെടുക്കാതെ': ഷാരൂഖ് സെയ്ഫിയുടെ മൊഴി പുറത്ത്
'റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു'
കോഴിക്കോട്: എലത്തൂരിലെ ട്രെയിന്‍ തീവെപ്പ് കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത്. തീ കൊളുത്തിയ ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തി. റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു. അന്ന് പുലർച്ചയോടെ ജനറൽ കമ്പർട്ട്മെന്റിൽ ടിക്കറ്റ് എടുക്കാതെ രത്നഗിരിയിലേക്ക് യാത്ര ചെയ്തെന്നും ഷാരൂഖ് സെയ്ഫി മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു.
അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ' കുബുദ്ധി' എന്നാണ് സെയ്ഫിയുടെ മൊഴി. എന്നാല്‍ ഈ മൊഴി മുഖവിലക്കെടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. കേരളത്തിലെത്തിയത് ആദ്യമായാണെന്നും ഷാരൂഖ് പൊലീസിനോട് പറഞ്ഞു. ഷാരൂഖിനെ കോഴിക്കോട്ടെത്തിച്ച് മാലൂര്‍കുന്നിലെ എ.ആര്‍ ക്യാമ്പില്‍ വെച്ച് ചോദ്യംചെയ്യുകയാണ്.
മഹാരാഷ്ട്രയില്‍ വെച്ചാണ് ഷാരൂഖ് സെയ്ഫി പിടിയിലായത്. തുടര്‍ന്ന് ഷഹീൻബാഗ് പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ ഒമ്പതരയോടെ കേരളത്തിൽ നിന്നുള്ള തീവ്രവാദ വിരുദ്ധസേന അന്വേഷണത്തിന് എത്തി. പ്രാദേശിക പൊലീസിന്‍റെ സഹായം അന്വേഷണ സംഘം തേടി. തുടർന്ന് എടിഎസിൽ നിന്നും ഡിവൈഎസ്പി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം ഷഹീൻബാഗിലെ ഷാരൂഖ് സെയ്ഫിയുടെ വീട്ടിൽ എത്തി. പ്രതിയുടെ മുൻകാല പ്രവർത്തനങ്ങൾ കണ്ടെത്താനും ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ശേഖരിക്കാനും ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യംചെയ്തു. വീടിനുള്ളിൽ ഡൽഹി പൊലീസിന്‍റെ സഹായത്തോടെയാണ് തീവ്രവാദ വിരുദ്ധ സേന പരിശോധന നടത്തിയത്. സമീപവാസികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. മാർച്ച് 31ന് കാണാതായ യുവാവ് തന്നെയാണ് പിടിയിലായതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മഹാരാഷ്ട്രയിൽ വെച്ച് പൊലീസ് പിടികൂടിയത് തന്‍റെ മകനെ തന്നെ ആണെന്ന് ഷാരൂഖിന്‍റെ പിതാവും വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് ഇന്നേവരെ പുറത്ത് പോകാത്ത ഷാരൂഖ് കേരളത്തിൽ എത്തിയിട്ടുണ്ട് എങ്കിൽ മറ്റാരെങ്കിലും മകനെ കൊണ്ടുപോയതാകും എന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇത് ആരാണെന്ന് കണ്ടെത്തണമെന്നും മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നുമാണ് പിതാവിന്‍റെ നിലപാട്. തീവ്രവാദ വിരുദ്ധ സേനയ്ക്ക് പുറമെ കേരള പൊലീസ് അംഗങ്ങളും പരിശോധനയ്ക്ക് എത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.
Adjust Story Font
16