കൊല്ലത്ത് വയോധികയുടെ മരണം കൊലപാതകം; മരുമകൾ അറസ്റ്റിൽ
നളിനാക്ഷിയെ മരുമകൾ തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ്
കൊല്ലം കുലശേഖരപുരത്ത് വയോധിക തീപ്പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട വയോധികയുടെ മരുമകൾ അറസ്റ്റിലായി.
86 വയസുള്ള നളിനാക്ഷിയമ്മയെയാണ് കഴിഞ്ഞ മാസം 29ന് പുലർച്ചെ രണ്ടിന് വീട്ടിൽ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവം ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും മൊഴി ആ തരത്തിലുള്ളതായിരുന്നു. എന്നാൽ, ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ ഇവരുടെ തലയ്ക്കു പിറകിൽ ആയുധം കൊണ്ട് ശക്തമായ അടിയേറ്റതിന്റെ അടയാളവും പൊട്ടലും കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 60 വയസുള്ള മരുമകളെ പിടികൂടുന്നതും സംഭവം കൊലപാതകമാണെന്ന് തെളിയുന്നതും. മരുമകളും നളിനാക്ഷിയമ്മയും തമ്മിൽ സ്ഥിരമായി തർക്കവും വാക്കേറ്റവുമുണ്ടാകാറുണ്ട്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. രാധാമണി നളിനാക്ഷിയെ തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
Adjust Story Font
16