Quantcast

എൽദോസ് എവിടെ? ഫോണിൽ പോലും കിട്ടുന്നില്ലെന്ന് നേതാക്കൾ

ചൊവ്വാഴ്ച മുതലാണ് അദ്ദേഹം ഒളിവിൽ പോയതെന്നാണ് പൊലീസിന്റെ നിഗമനം

MediaOne Logo

Web Desk

  • Updated:

    2022-10-14 09:25:16.0

Published:

14 Oct 2022 6:28 AM GMT

എൽദോസ് എവിടെ? ഫോണിൽ പോലും കിട്ടുന്നില്ലെന്ന് നേതാക്കൾ
X

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിൽ നാലു ദിവസമായി ഒളിവിലാണ്. ചൊവ്വാഴ്ച മുതലാണ് അദ്ദേഹം ഒളിവിൽ പോയതെന്നാണ് പൊലീസിന്റെ നിഗമനം. കുന്നപ്പിള്ളിൽ എവിടെയാണെന്നറിയാതെ അദ്ദേഹത്തിനായുള്ള അന്വേഷണത്തിലാണ് കോൺഗ്രസ് നേതാക്കളും. ഫോണിൽ കിട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോൾ വിശദീകരണം ലഭിച്ചിട്ടില്ലെന്നാണ് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കുന്നത്. രണ്ട് ദിവസം കൂടി കാത്ത ശേഷം നടപടിയിലേക്ക് കടക്കാനാണ് നേതൃത്വത്തിന്റെ ആലോചന. കെ.പി.സി.സി അംഗത്വത്തിൽ നിന്ന് സസ്‌പെൻഷനാവും നടപടി. കമ്മീഷനെ വെച്ച് വൈകിപ്പിക്കാതെ ജനങ്ങൾ അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കുമെന്നാണ് നേതൃത്വം നൽകുന്ന സന്ദേശം.

'ഒളിവിൽ പോകേണ്ട ആവശ്യമില്ല. ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണയിലാണ്. സംഭവത്തിൽ കെ.പി.സി.സിക്ക് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഇന്നും നാളയും കൂടി നോക്കും. ആരോപണമുണ്ടായാൽ വിശദീകരണം തേടുക എന്നത് സ്വാഭാവിക നീതിയുടെ പ്രശ്നമാണ്.അതിനാണ് പാർട്ടി കാത്തിരിക്കുന്നത്'- സതീശൻ പറഞ്ഞു

ഒരു ജനപ്രതിനിധിയിൽ ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ് ഉണ്ടായതെന്നാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻറ പറഞ്ഞു. കേസ് തെളിഞ്ഞാലുടൻ നടപടി ഉണ്ടാകും. നോട്ടീസ് കൊടുത്തത് സാമാന്യ മര്യാദയാണ്. കള്ളന്മാരേയും കൊള്ളക്കാരേയും സംരക്ഷിക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം വിമർശിച്ചു.

യുവതിയെ ആക്രമിക്കാൻ ശ്രമിച്ചു എന്നതിന് പുറമെ ബലപ്രയോഗത്തിലൂടെ പല തവണ പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎക്കെതിരെ ബലാത്സഗത്തിനും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

'കുരിശുമാല കഴുത്തിൽ ചാർത്തി സംരക്ഷിക്കാമെന്ന് എൽദോസ് വാക്കു തന്നിരുന്നു. എന്നാൽ മറ്റ് സ്ത്രീകളുമായുള്ള ബന്ധം അറിഞ്ഞതോടെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. ഇതിൻറെ പകയിൽ മദ്യപിച്ച് വീട്ടിലെത്തി മർദിച്ചു. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്'- യുവതിയുടെ മൊഴിയിൽ പറയുന്നു.

ഇതിനിടെ എൽദോസ് കുന്നിപ്പിള്ളി ഫേസ്ബുക്കിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പരാതിക്കാരിയെ പേരെടുത്തു പറഞ്ഞില്ലെങ്കിലും ക്രിമിനൽ എന്നാണ് എം.എൽ.എ വിശേഷിപ്പിച്ചത്. അതേസമയം നാളെയാണ് എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതിനുശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.

ജനപ്രതിനിധിയായതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. അനുമതി ലഭിച്ചാലുടൻ മൊബൈൽ നമ്പരുകൾ നിരീക്ഷണത്തിലാക്കാനാണ് പൊലീസിന്റെ തീരുമാനം. എന്നാൽ എംഎൽഎക്കെതിരെ നടപടിയെടുക്കാൻ അനുമതി ആവശ്യമില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ജനപ്രതിനിധികൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അത് പാലിച്ചില്ലെങ്കിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

പെരുമ്പാവൂരിലെ എംഎൽഎ ഓഫീസ് തുറന്നിട്ടുണ്ടെങ്കിലും അഞ്ചുദിവസമായി എൽദോസ് കുന്നപ്പിള്ളിൽ ഇവിടെ എത്തിയിട്ടില്ല. എം.എൽ.എ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പിള്ളിൽ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാണ്. എം.എൽ.എ ആയതിനാൽ അധികനാൾ ഒളിവിൽ കഴിയില്ലന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. ഇതിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി.

TAGS :

Next Story