Quantcast

'എൽദോസിന്റെ വിശദീകരണം കേൾക്കണം'; തീരുമാനം നാളെയെന്ന് കെ. സുധാകരൻ

കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാൽ നടപടിയെടുക്കുമെന്ന് കെ. സുധാകരൻ

MediaOne Logo

Web Desk

  • Updated:

    2022-10-21 16:38:49.0

Published:

21 Oct 2022 4:22 PM GMT

എൽദോസിന്റെ വിശദീകരണം കേൾക്കണം; തീരുമാനം നാളെയെന്ന് കെ. സുധാകരൻ
X

തിരുവനന്തപുരം: ബലാംത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരായ നടപടിയിൽ നാളെ തീരുമാനമുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. എൽദോസിന്റെ വിശദീകരണം കേൾക്കാനുണ്ട്. മുൻകൂർ ജാമ്യം നൽകി കോടതി നടത്തിയ പരാമർശങ്ങൾ പരിശോധിക്കുമെന്നും കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാൽ നടപടിയെടുക്കുമെന്നും കെ. സുധാകരൻ വ്യക്തമാക്കി. കേസിൽ മുൻകൂർ ജാമ്യം ലഭിച്ച് എൽദോസ് കുന്നപ്പിള്ളി മുവാറ്റുപുഴ ആരക്കുഴയിലെ വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് കെ. സുധാകരന്റെ പ്രതികരണം.

കേസിൽ 20ാം തിയതിക്ക് മുമ്പ് വിശദീകരണം നൽകാൻ എൽദോസ് കുന്നപ്പിള്ളിയോട് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് എൽദോസ് മാധ്യമങ്ങളോട് പറഞ്ഞത്. ''ആർക്കും ആർക്കെതിരെയും പരാതി നൽകാം. അത്തരത്തിലൊരു പരാതിയാണ് എനിക്കെതിരെ നൽകിയത്. ഞാൻ ഒളിവിലായിരുന്നില്ല. കോടതിയുടെ മുന്നിലായിരുന്നു. ഫോണിൽ കിട്ടിയില്ല എന്നുവെച്ച് ഒളിവിലാണ് എന്ന് പറയാൻ കഴിയുമോ' എൽ?ദോസ് പറഞ്ഞു.തനിക്കെതിരെ ഏത് വകുപ്പ് ചുമത്തി എന്നത് പ്രശ്‌നമല്ല. തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തും. സംസ്ഥാനം വിട്ടുപോയിട്ടില്ല. ഇവിടെ തന്നെ ഉണ്ടായിരുന്നു. എഫ്.ഐ.ആറിൽ പരാതിക്കാരി പറയുന്ന വാക്കുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇതുവരെ ഒരാളെയും ഒരു ജീവിയെയും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു''- എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

കർശന ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി എൽദോസ് കുന്നപ്പിള്ളിക്ക് ഇന്നലെ ജാമ്യം അനുവദിച്ചത്. ഈമാസം 22ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തിൽ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‌പോർട്ടും കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചു. അതേസമയം എം.എൽ.എയ്‌ക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി വ്യക്തമാക്കി.

TAGS :

Next Story