തെരഞ്ഞെടുപ്പ് കോഴക്കേസ്; സി.കെ ജാനുവിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
മാനന്തവാടിയിലെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്.
സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സി.കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. മാനന്തവാടിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
ബി.ജെ.പി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് എന്നിവരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജാനുവിന്‍റെ വീട്ടില്‍ പരിശോധന നടക്കുന്നത്. കോഴ കൈമാറ്റത്തിൽ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ ഹാജരാക്കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് തെളിവ് നശിപ്പിക്കല്‍ അടക്കം ചുമത്തി ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നത്. അതേസമയം, ഫോണ്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിശദീകരണം.
സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വച്ച് പത്തു ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് ജെ.ആര്‍.പി. മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോട് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.
മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെ ജാനുവിന് നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി.കെ. ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നുമായിരുന്നു പ്രസീതയുടെ പരാതി. വയനാട് ജില്ലയിലെ ബി.ജെ.പി. നേതാക്കളുടെ സാമ്പത്തിക ഉയര്‍ച്ച പരിശോധിക്കണമെന്നും കൂടുതല്‍ പണമിടപാട് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നടന്നിട്ടുണ്ടെന്നും പ്രസീത പറഞ്ഞിരുന്നു.
Adjust Story Font
16