തെരഞ്ഞെടുപ്പ് തോല്‍വി; കെ.എസ്.യു പിന്നില്‍ നിന്ന് കുത്തിയെന്ന് എം.എസ്.എഫ്
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു വോട്ടുകൾ കൃത്യമായി ലഭിച്ചില്ലെന്ന് എം.എസ്.എഫ്
കെ.എസ്.യു-എം.എസ്.എഫ്
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫ് നേതൃത്വം നൽകിയ യു.ഡി.എസ്.എഫ് മുന്നണിയുടെ പരാജയം മുന്നണിയിലെ വോട്ട് ചോർച്ചയെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് എം.എസ്.എഫ് നേതൃത്വം വിമർശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ഇന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും.
കാലിക്കറ്റ് സർവകശാലക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമാണ് എം.എസ്.എഫ് നേടിയത്. എംഎസ്എഫ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ യു.യു.സിമാരുമായാണ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. എം.എസ്.എഫ്, കെ.എസ്.യു സഖ്യം ഇത്തവണ വലിയ വെല്ലുവിളി ഉയർത്തിയെങ്കിലും ശക്തമായ പോരാട്ടത്തിനൊടുവിൽ എസ്.എഫ്.ഐ യൂണിയൻ നിലനിർത്തി.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് എം.എസ്.എഫ് നേതാക്കൾ മുന്നണിക്കകത്ത് വോട്ട് ചോർച്ചയുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയത്. കെ.എസ്.യു വോട്ടുകൾ കൃത്യമായി ലഭിച്ചില്ലെന്നാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ ഫേസ്ബുക്ക് പോസ്റ്റുകളിലെ വിമർശനം. മുന്നിൽ നിന്നും, പിന്നിൽ നിന്നും വാരിക്കുഴികൾ നേരിട്ടുവെന്നായിരുന്നു എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസിൻറെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള ഫേസ്ബുക് പോസ്റ്റിലെ പരാമർശം.
സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫിൻറെ ഫേസ്ബുക് പോസ്റ്റിലും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി കെഎസ് യുവിനെതിരെ പരോക്ഷ വിമർശനമുണ്ടായി. ട്രഷറർ അഷർ പെരുമുക്കും കെ.എസ്.യുവിനെതിരെ രംഗത്തെത്തി. പിന്നിൽ നിന്ന് കുത്തുന്ന കുലം കുത്തികൾക്ക് കാലം മാപ്പ് തരില്ലെന്നും, പാളയത്തിൽ പടയെ മനസ്സിലാക്കേണ്ടിയിരുന്നുവെന്നുമാണ് അഷർ പെരുമുക്ക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. തെരഞ്ഞെടുപ്പ് വിലയിരുത്താൻ എം.എസ്.എഫ് അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. യോഗത്തിൽ മുന്നണി സംവിധാനത്തിലുള്ള പാളിച്ചകളാകും പ്രധാന ചർച്ചയാകുക.
Adjust Story Font
16