Quantcast

തെരഞ്ഞെടുപ്പ് വീഴ്ച; എറണാകുളം സി.പി.എമ്മില്‍ കൂട്ട അച്ചടക്ക നടപടി

വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തന വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് നടപടി

MediaOne Logo

Web Desk

  • Published:

    15 Sep 2021 3:09 AM GMT

തെരഞ്ഞെടുപ്പ് വീഴ്ച; എറണാകുളം സി.പി.എമ്മില്‍ കൂട്ട അച്ചടക്ക നടപടി
X

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എറണാകുളം സി.പി.എമ്മില്‍ കൂട്ട അച്ചടക്ക നടപടി. വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തന വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് നടപടി. പാർട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ നേതാക്കള്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയാണ് സി.പി.എം സ്വീകരിച്ചത്. പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ വിഭാഗീയ പ്രവർത്തനങ്ങൾ തടയാൻ കൂടി ലക്ഷ്യമിട്ടാണ് നടപടി.

മുതിർന്ന നേതാക്കൾക്കെതിരെയടക്കം ഗുരുതരമായ വിമർശനങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടായിരുന്നു പാർട്ടി അന്വേഷണ കമ്മീഷൻ നൽകിയത്. മുതിർന്ന നേതാവ് സി.കെ മണിശങ്കർ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിലടക്കം യാതൊരു ശ്രമവും നടത്തിയില്ലെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണുണ്ടായിരുന്നത്. എന്നാൽ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കുന്ന തരത്തിലുള്ള കടുത്ത നടപടി അപ്രതീക്ഷിതമായിരുന്നു. തൃക്കാക്കരയിലെ തോൽവിയുടെ പേരിലാണ് വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ.ഡി വിൻസെന്‍റിനെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയത്.

ജില്ലാ നേതൃത്വം മുന്നോട്ട് വെച്ച സ്ഥാനാർഥിക്കെതിരെ തൃക്കാക്കരയിൽ വിഭാഗീയത പ്രവർത്തനങ്ങളും സജീവമായിരുന്നു. തൃപ്പൂണിത്തുറയിൽ പാർട്ടി വോട്ടുകളിൽ ഉണ്ടാക്കിയ വിള്ളലാണ് സി.എന്‍ സുന്ദരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാൻ ഇടയാക്കിയത്. പിറവത്തെയും പെരുമ്പാവൂരിലെയും തോൽവിയിൽ കേരള കോൺഗ്രസ് നൽകിയ പരാതി ശരിവെക്കുന്ന റിപ്പോർട്ടായിരുന്നു അന്വേഷണ കമ്മീഷനും നേതൃത്വത്തിന് സമർപ്പിച്ചത്. മാണി വിഭാഗത്തിന് സീറ്റ് നൽകിയില്ലെങ്കിൽ പിറവത്ത് സ്ഥാനാർഥിയായെത്തുമെന്ന് ഉറപ്പിച്ചിരുന്നയാളാണ് ഷാജു ജേക്കബ്. ഇടതു സ്ഥാനാ‍ർഥി ഡോ. സിന്ധുമോൾ ജേക്കബിനെതിരെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട ഏരിയ സെക്രട്ടറി ഷാജു ജേക്കബിന്‍റെ നടപടി ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു. കേരള കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണ രംഗത്ത് പ്രദേശിക പാർട്ടി ഭാരവാഹികളും സജീവമായിരുന്നില്ല.

എറണാകുളം ജില്ല കമ്മിറ്റിയിൽ നിന്നും ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും ഷാജു ജേക്കബിനെ ഒഴിവാക്കിയതിനപ്പുറത്തേക്ക് പ്രാദേശിക തലത്തിൽ കൂട്ട നടപടിക്കും സാധ്യതയുണ്ട്. പെരുമ്പാവൂരിലെ പരാജയത്തിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം എന്‍.സി മോഹനന് പരസ്യ ശാസന മാത്രമാണ് നൽകിയതെങ്കിലും താഴെ തട്ടിൽ കൂടുതൽ അച്ചടക്ക നടപടികൾ ഉണ്ടാകും. പെരുമ്പാവൂരില്‍ പ്രചാരണത്തിനിറങ്ങാന്‍ കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പക്കല്‍ നിന്ന് പണവും മറ്റ് സൌകര്യങ്ങളും കൈപ്പറ്റിയിട്ടും ഒരു വിഭാഗം നേതാക്കള്‍ സജീവമായില്ലെന്ന പരാതിയിൽ വിശദമായ അന്വേഷണത്തിനും സാധ്യതയുണ്ട്. ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടി സമ്മേളനത്തിന് മുമ്പ് വിഭാഗീയത പ്രവർത്തനങ്ങൾ ഏകോപിക്കാൻ ശ്രമം നടത്തുന്നതായും ആരോപണമുയർന്നിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലെ കടുത്ത നടപടി കൊണ്ട് വിഭാഗീയത പ്രവർത്തനങ്ങൾക്കും തടയിടാൻ കഴിയുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്

TAGS :

Next Story