Quantcast

എറണാകുളം മണ്ഡലത്തിൽ പോളിങ് ശതമാനത്തിൽ കുറവ്; കൂട്ടിയും കുറച്ചും മുന്നണികൾ

2019 ൽ ലോക്സഭാ മണ്ഡലത്തിൽ 77.63% ആയിരുന്നു വോട്ട് രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    27 April 2024 1:30 AM GMT

എറണാകുളം മണ്ഡലത്തിൽ  പോളിങ് ശതമാനത്തിൽ കുറവ്; കൂട്ടിയും കുറച്ചും മുന്നണികൾ
X

കൊച്ചി: കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ പോളിങ് ശതമാനത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം കുറഞ്ഞത് നേട്ടമാകുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. പോളിങ് കുറഞ്ഞെങ്കിലും വർധിത ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.

2019 എറണാകുളം ലോക്സഭാ മണ്ഡലത്തിൽ 77.63% ആയിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ 68.27 % വോട്ടാണ് പോൾ ചെയ്തത്. 72.81 ശതമാനം വോട്ട് പോൾ ചെയ്ത പറവൂർ നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്.

വൈപ്പിനിൽ 71 ശതമാനവും കളമശ്ശേരിയിൽ 70.55 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. ലത്തീൻ ക്രൈസ്തവരും മുസ്ലിങ്ങളും കൂടുതലുള്ള ഈ മൂന്ന് മണ്ഡലങ്ങളിൽ പോളിങ് ശതമാനം കൂടിയത് ന്യൂനപക്ഷ കേന്ദ്രങ്ങളിൽ പോളിങ്ങിനോട് വലിയ പ്രതികരണമുണ്ടായി എന്നത് വ്യക്തമാക്കുന്നു.

നഗരഹൃദയം ഉൾപ്പെടുന്ന എറണാകുളം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത്. വെറും 62.42 ശതമാനം പേർ മാത്രമാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. ബൂത്ത് തലം മുതലുള്ള വോട്ട് വിഹിതം സംബന്ധിച്ച ഇരുമുന്നണികളുടെയും കൂട്ടിക്കിഴിക്കലുകൾ തുടരുകയാണ്.

പോളിങ് ശതമാനത്തിൽ കുറവുണ്ടെങ്കിലും വർധിത ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തുന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാൽ പോളിംഗ് ശതമാനം കുറഞ്ഞ തെരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നേട്ടം ഉണ്ടാക്കിയത് എൽഡിഎഫ് ആണെന്നും, ഇത്തവണയും പോളിംഗ് ശതമാനം കുറഞ്ഞത് നേട്ടമാകുമെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു.

അതേസമയം എറണാകുളത്തെ കള്ളവോട്ട് സംബന്ധിച്ച മൂന്നു പരാതികളിൽ വെബ്കാസ്റ്റിംങ്ങിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അന്തിമ തീരുമാനമെടുക്കും.


TAGS :

Next Story