Quantcast

മുണ്ടക്കൈ ദുരന്തം: ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതിയെത്തിച്ചു

വൈദ്യുതി പുനഃസ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജിതമെന്ന് കെ.എസ്.ഇ.ബി

MediaOne Logo

Web Desk

  • Updated:

    2024-07-30 14:29:37.0

Published:

30 July 2024 2:25 PM GMT

Mundakkai tragedy deathtoll 84
X

കൽപ്പറ്റ: മുണ്ടക്കൈ ദുരന്ത മേഖലയിൽ ചൂരൽ മല വരെ വൈദ്യതിയെത്തിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ഉരുൾപൊട്ടലിനെത്തുടർന്ന് മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മേഖലയിൽ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്. ഉരുൾപൊട്ടലിൽ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ തകർന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000ഓളം ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നിട്ടുണ്ട്. കുറഞ്ഞത് 3 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഈ മേഖലയിൽ മാത്രം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ.

ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് പ്രധാനപ്പെട്ട ഒരു പാലവും റോഡുകളും ഒലിച്ചുപോയതിനാലും രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാലും അവിടേയ്ക്കു കടന്ന് നാശനഷ്ടങ്ങൾ വിലയിരുത്താനോ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആരംഭിക്കാനോ സാധിച്ചിട്ടില്ല. എന്നാൽ, ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.

ദുരന്തം നടന്നതിനു മറുഭാഗത്തുള്ള രണ്ടായിരത്തോളം വരുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിയ്ക്കണമെങ്കിൽ തകർന്ന ലൈനുകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ സാധിക്കുകയുള്ളു . രക്ഷാപ്രവർത്തനം പൂർത്തീകരിച്ചാൽ മാത്രമേ ഈ പ്രവർത്തനം ആരംഭിക്കാനാകൂ. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാൻസ്ഫോർമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. അവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുമുണ്ട്.

മുണ്ടക്കൈ, ചൂരൽമല പ്രദേശം മേപ്പാടി സെക്ഷനിൽ നിന്നും ഏകദേശം 16 കിമി അകലെയാണ്. കനത്ത മഴയിൽ ഇന്നലെ മുതൽ തന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഉരുൾപൊട്ടലുണ്ടായ പുലർച്ച 2 മണി മുതൽ സെക്ഷനിലെ ജീവനക്കാർ ഫീൽഡിൽ ഉണ്ടായിരുന്നു. ഏകദേശം പുലർച്ചയോടു കൂടി ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കിമി വരെയുള്ള പ്രദേശത്തു വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെ വൈദ്യുതിയെത്തിച്ചു. രണ്ട് മണിയോടെ ഉരുൾപൊട്ടലിൽ പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെ 11 കെ.വി ലൈൻ പുനഃസ്ഥാപിച്ചു വൈദ്യുതിയെത്തിച്ചിട്ടുണ്ട്.

നിലവിൽ മേപ്പാടി ടൗണിലും പ്രധാന ആശുപത്രികളായ വിംസ് മെഡിക്കൽ കോളേജ്, മേപ്പാടി ഗവ. ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ പ്രദേശത്തും ഉരുൾപൊട്ടലുണ്ടായ ചൂരൽമല പ്രദേശത്തും സബ് എൻജിനീയറുടെ നേതൃത്വത്തിൽ 2 ടീമുകളെ വാഹനസഹിതം 24 മണിക്കൂറും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കൽപ്പറ്റ 33 കെവി സബ്‌സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ അവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട് . എന്നാൽ, കൽപ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികൾ എന്നിവിടങ്ങളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്.

TAGS :

Next Story