Quantcast

കാട്ടാന ആക്രമം: പോളിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിൽ നിബന്ധന വെച്ച് കുടുംബവും നാട്ടുകാരും

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടമാകുന്നതിൽ ഹൈക്കോടതി ആശങ്കയറിച്ചു

MediaOne Logo

Web Desk

  • Published:

    17 Feb 2024 2:11 AM GMT

കാട്ടാന ആക്രമം: പോളിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിൽ നിബന്ധന വെച്ച് കുടുംബവും നാട്ടുകാരും
X

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതില്‍ നിബന്ധന വെച്ച് കുടുംബം. പോളിന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, കുടുംബത്തിൽ ഒരാൾക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാലേ മൃതദേഹം ഏറ്റു വാങ്ങൂ എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും.

പോളിന്‍റെ മൃതദേഹം പത്തുമണിയോടെ പുൽപ്പള്ളിയിൽ എത്തിക്കുമെന്നാണ് വിവരം. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയിരുന്നു. ഇന്നലെ രാവിലെയാണ് വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററിലെ താൽക്കാലിക ജീവനക്കാരനായിരുന്ന പോളിനെ കുറുവ ദ്വീപിനു സമീപത്ത് വച്ച് കാട്ടാന ആക്രമിച്ചത്. ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട്ടിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടമാകുന്നതിൽ ഹൈക്കോടതി ആശങ്കയറിച്ചു. മനുഷ്യ - മൃഗ സംഘർഷം പരിഹരിക്കാനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. കാട്ടുപന്നികളുടെ ആക്രമണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ്റെ നിർദേശം. മനുഷ്യ-മൃഗ സംഘർഷം ഒഴിവാക്കാനുള്ള പദ്ധതികൾ കണ്ടെത്തിയില്ലെങ്കിൽ വരുംവർഷങ്ങളിൽ അത് വലിയ ഭീഷണിയായി മാറുമെന്നും കോടതി വിലയിരുത്തി. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മൃഗങ്ങളെ കൊന്നിട്ടോ ആക്രമിച്ചിട്ടോ കാര്യമില്ലെന്നും കോടതി പറഞ്ഞു.

ഇപ്പോഴുള്ള സാഹചര്യം ലളിതമായി കാണാനാകില്ല, വയനാട് പോലെ വിനോദസഞ്ചാരം ഏറെയുള്ള സ്ഥലത്ത് ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ തെറ്റായ സന്ദേശം നൽകുമെന്നും കോടതി പറഞ്ഞു.

TAGS :

Next Story