രാത്രിയിലും ആനയെ നിരീക്ഷിക്കും; ഇതിന് പതിമൂന്ന് അംഗ സംഘം
മയക്കുവെടിവെക്കാനുള്ള നടപടി നാളെ പുലർച്ചെ പുനരാരംഭിക്കുമെന്നാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്.ദീപ വ്യക്തമാക്കുന്നത്
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത കൊലയാളി ആനയെ മയക്കുവെടി വെക്കാനുള്ളഴ ദൗത്യം തുടരുമെന്ന് വനംവകുപ്പ്. മയക്കുവെടിവെക്കാനുള്ള നടപടി നാളെ പുലർച്ചെ പുനരാരംഭിക്കുമെന്നാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്.ദീപ വ്യക്തമാക്കുന്നത്. മഞ്ഞിൽ കാഴ്ചമറയുന്നതാണ് രാവിലത്തെ പ്രധാന വെല്ലുവിളി. അതേസമയം രാത്രിയിലും ആനയെ നിരീക്ഷിക്കും. ഇതിന് 13അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഉദ്വേഗവും ആകാംക്ഷയും പ്രതിഷേധവും നിറഞ്ഞ ഒരു പകലിനാണ് ഇന്ന് വിരാമമാകുന്നത്. പുലർച്ചെ മുതൽ കാട്ടിൽ ആനയെ തിരഞ്ഞ് വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം. ചേലൂർ മണ്ണുണ്ടി കോളനിക്ക് സമീപം കാട്ടിൽ ആന നിലയുറപ്പിച്ചതായി ആദ്യ വിവരം. പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഉച്ചയോടെ കാട്ടിക്കുളം ബാവലി വനപാതയിൽ ചെമ്പകപ്പാറയിൽ ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. പിന്നാലെ 5 ഡി.എഫ്.ഒമാരുടെ നേതൃത്വത്തിൽ പ്രത്യേക ദൗത്യസംഘം കാട്ടിനുള്ളിലേക്ക്. പിന്നാലെ നാല് കുങ്കിയാനകളും മയക്കുവെടി വിദഗ്ധരും സ്ഥലത്തെത്തി. കുങ്കിയാനകളെ ഉപയോഗിച്ച് വനപാലകർ ആനയ്ക്ക് സമീപം എത്തി. മൈസൂർ മാനന്തവാടി വനപാതയിൽ വാഹനങ്ങൾ തടഞ്ഞ് പോലീസിന്റെ ജാഗ്രത.
എന്നാൽ ആനയെ മയക്കുവെടിവെക്കാനുള്ള ശ്രമം ഫലം കണ്ടില്ല. ആനയുടെ സഞ്ചാര വേഗവും കൊടും കാടും തടസ്സമായി. വൈകിട്ട് ആറുമണിയോടെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് ദൗത്യസംഘം കാടിനു വെളിയിലേക്ക്. പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം. ദൗത്യ സംഘത്തെ നാട്ടുകാർ വനാതിർത്തിയിൽ തടഞ്ഞു. രാത്രി ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പുലർച്ചെ പുനരാരംഭിക്കുമെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉറപ്പ്. പിന്നാലെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Adjust Story Font
16