'ഏലൂര്‍ നഗരസഭാ ചെയര്‍മാനെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തണം'; പരാതിയുമായി വ്യവസായി മുഹമ്മദ് കുട്ടി
എ.ഡി സുജിലിനെതിരെ എട്ട് കേസുകളുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയില്‍ പറയുന്നു
കൊച്ചി: എറണാകുളം ഏലൂര്‍ നഗരസഭാ ചെയർമാനെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി വ്യവസായി പൊലീസിൽ പരാതി നൽകി. എ.ഡി സുജിലിനെതിരെയാണ് വ്യവസായി മുഹമ്മദ് കുട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സുജിൽ പ്രതിയായ എട്ടുകേസുകളുടെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.
മന്ത്രി പി.രാജീവ് തന്റെ വ്യവസായത്തെ തകർക്കാൻ പ്രാദേശിക സി.പി.എം നേതൃത്വത്തെ ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് വ്യവസായി മുഹമ്മദ് കുട്ടി ഉന്നയിച്ചിരുന്നത്. ഇതിന് പിറകെയാണ് പി രാജീവിന്റെ വിശ്വസ്തനും ഏലൂർ നഗരസഭാ ചെയർമാനുമായ എ.ഡി സുജിലിനെതിരായ പരാതി. ഗുണ്ടാ പശ്ചാത്തലമുളള സുജിലിനെതിരെ എട്ട് കേസുകളുണ്ടെന്നും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നുമാണ് മുഹമ്മദ് കുട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകി പരാതിയിലുളളത്. കേസുകൾ സംബന്ധിച്ച് ഏലൂർ പൊലീസിൽ നിന്ന് ശേഖരിച്ച വിവരാവകാശ രേഖകളും പരാതിക്ക് ഒപ്പം കൈമാറിയിട്ടുണ്ട്.
പൊതു പ്രവർത്തനത്തിന്റെ ഭാഗമായുളള കേസുകൾ മാത്രമാണ് തനിക്കെതിരെയുളളതെന്ന് ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ പ്രതികരിച്ചു. മുഹമ്മദ് കുട്ടിയുടെ നിയന്ത്രണത്തിലുളള വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ട് ഏലൂർ നഗരസഭയും റവന്യു കൃഷി വകുപ്പുകളും നേരത്തെ നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി പി.രാജീവിനും സിപിഎമ്മിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് കുട്ടി രംഗത്തെത്തിയത്.
Adjust Story Font
16