സിറോ മലബാർ സഭയുടെ മെത്രാൻ സിനഡിന്റെ അടിയന്തരയോഗം ഇന്നും തുടരും; നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് സൂചന
14-ാം തീയതി ചേർന്ന യോഗത്തിൽ ഏകീകൃത കുർബാന വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് സിനഡ് ഇന്ന് വീണ്ടും ചേരുന്നത്.
കൊച്ചി: സിറോ മലബാർ സഭയുടെ 32-ാം മെത്രാൻ സിനഡിന്റെ അടിയന്തര യോഗം ഇന്നും തുടരും. 14-ാം തീയതി ചേർന്ന യോഗത്തിൽ ഏകീകൃത കുർബാന വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് സിനഡ് ഇന്ന് വീണ്ടും ചേരുന്നത്. നിർണായക തീരുമാനങ്ങൾ സിനഡ് യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
ഏകീകൃത കുർബാന അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത വിമത വിഭാഗത്തിനെതിരെ അന്തിമ നടപടി പ്രഖ്യാപിക്കാനായിരുന്നു ജൂൺ 14ന് അടിയന്തര സിനഡ് യോഗം ചേർന്നത്. എന്നാൽ ചില മുതിർന്ന മെത്രാന്മാർ വിമതർക്ക് അനുകൂലമായി സംസാരിച്ചതോടെ ഏകാഭിപ്രായത്തിൽ എത്താൻ യോഗത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് ഇന്ന് വൈകിട്ട് അഞ്ചിന് ഓൺലൈനായി അടിയന്തര സിനഡ് യോഗം പുനരാരംഭിക്കുവാൻ തീരുമാനിച്ചത്.
ഏകീകൃത കുർബാന വിഷയത്തിലുള്ള ചർച്ച്‌ക്കൊപ്പം വൈദികർക്കെതിരായ നടപടികൾക്കായി സഭാ കോടതി സ്ഥാപിക്കുക, അതിരൂപതാ കൂരിയ പുനഃസംഘടിപ്പിക്കുക, എറണാകുളം - അങ്കമാലി അതിരൂപത വിഭജിക്കുക തുടങ്ങിയ അജണ്ടകൾ കൂടി സിനഡിൽ ചർച്ചയാകും. സഭാ കൂരിയായുടെ പ്രവർത്തനത്തിൽ കഴിഞ്ഞദിവസം ചേർന്ന സിനഡ് യോഗത്തിൽ മുതിർന്ന മെത്രാന്മാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന ഏകീകരണം എന്ന ഏക അജണ്ടയുമായി രണ്ട് മണിക്കൂർ മാത്രം ചേർന്ന് പിരിയാനും മുൻകൂട്ടി തയ്യാറാക്കിയ സർക്കുലർ സിനഡ് അംഗങ്ങളെ വായിച്ച് കേൾപ്പിച്ച് അംഗീകാരം നേടാമെന്നുമുള്ള സീറോമലബാർ സഭ കൂരിയായുടെ കണക്കുകൂട്ടലുകൾ തെറ്റിയതാണ് സിനഡ് സമ്മേളനം നീളാൻ ഇടയാക്കിയത്.
Adjust Story Font
16