നഞ്ചിയമ്മയുടെ ഭൂമിയിൽ കയ്യേറ്റം; അന്വേഷണത്തിന് റവന്യൂ വിജിലൻസ്
റവന്യൂ ഉദ്യോഗസ്ഥർ മാഫിയക്ക് കൂട്ടുനിൽക്കുകയാണ്. വിഷയത്തിൽ ഐഎഎസ് തല അന്വേഷണം വേണമെന്ന് കെകെ രമ എംഎൽഎ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മികച്ച ഗായികക്കുളള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കയ്യേറിയ സംഭവം നിയമസഭയിൽ. അട്ടപ്പാടിയിൽ ഭൂമാഫിയ ആദിവാസികളുടെ ഭൂമി വ്യാപകമായി കയ്യേറുന്നു. വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കുകയാണ്. റവന്യൂ ഉദ്യോഗസ്ഥർ മാഫിയക്ക് കൂട്ടുനിൽക്കുകയാണ്. വിഷയത്തിൽ ഐഎഎസ് തല അന്വേഷണം വേണമെന്ന് കെകെ രമ എംഎൽഎ ആവശ്യപ്പെട്ടു.
വിഷയത്തെ ഗൗരവമായി കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജൻ മറുപടി നൽകി. ഭൂമി കയ്യേറ്റം തടയാൻ നിയമങ്ങളുണ്ട്.നഞ്ചിയമ്മയുടെ ഭൂമി കൈമാറ്റം റദ്ദാക്കാൻ അപേക്ഷ ലഭിച്ചിട്ടുണ്ട്. ജില്ലാ കലക്ടർക്കാണ് ഇത് സംബന്ധിച്ച അപേക്ഷ ലഭിച്ചത്. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ആദിവാസികളുടെ ഭൂമി സംബന്ധിച്ച പരാതികൾ ഗൗരവമായി കാണും. പരാതികൾ റവന്യൂ വിജിലൻസ് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
അട്ടപ്പാടി ട്രൈബൽ താലൂക്കിലെ അഗളി വില്ലേജിലെ 1167/1, 1167/6 സർവേ നമ്പരുകളിലെ ഭൂമി അന്യാധീനപ്പെടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നഞ്ചിയമ്മ പരാതി നൽകിയത്. ഭൂമി തട്ടിയെടുക്കുന്നതിന് മാരിമുത്തു എന്നയാൾ വ്യാജ നികുതി രസീത് കോടതിയിൽ ഹാജരാക്കിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ ഒറ്റപ്പാലം സബ് കളക്ടറുടെ 2020 ഫെബ്രുവരി 20 ലെ ടിഎൽഎ ഉത്തരവ് റദ്ദാക്കണമെന്നും നഞ്ചിയമ്മ, മരുതി, കുമരപ്പൻ എന്നിവർ ആവശ്യപ്പെട്ടു. 1999ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമത്തിലെ വകുപ്പ് ഏഴ് (അഞ്ച്) പ്രകാരം പാലക്കാട് കളക്ടർക്ക് അപ്പീൽ നൽകി. തുടർന്ന് കളക്ടർ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് നൽകി. 2022 ഓഗസ്റ്റ് 10ന് വിചാരണ നടത്തിയെങ്കിലും മാരിമുത്തു എത്തിയില്ല. അടുത്ത വിചാരണ സെപ്തംബർ 13ന് നടത്താൻ നോട്ടീസ് നൽകിയിട്ടുണ്ട്.
Adjust Story Font
16