പൂപ്പാറയിലെ കയ്യേറ്റം; പുനരധിവാസം പരിശോധിക്കാൻ ഹൈക്കോടതി നിർദേശം
ശാന്തൻപാറ പഞ്ചായത്തുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് നിർദേശം
കൊച്ചി: ഇടുക്കി പൂപ്പാറയിൽ കയ്യേറ്റ ഭൂമിയിൽ നിന്നും ഒഴിപ്പിച്ച ആളുകളെ പുനരധിവസിപ്പിക്കുന്ന കാര്യം പരിശോധിക്കാൻ ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ നിർദേശം. ശാന്തൻപാറ പഞ്ചായത്തുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് നിർദേശം. നിരുത്സാഹപ്പെടുത്തുന്ന വിധിയാണ് കോടതിയിൽ നിന്നും ഉണ്ടായതെന്ന് വ്യാപാരികൾ പ്രതികരിച്ചു.
പൂപ്പാറയിൽ നിന്നും ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ജില്ലാ കലക്ടർക്ക് നിർദേശം നൽകിയത്. ശാന്തൻപാറ പഞ്ചായത്ത് കണ്ടെത്തിയ 75 സെന്റ് സ്ഥലം വാസയോഗ്യമാണോ എന്ന് പരിശോധിക്കണം. ഇതിനായി ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറിയുമായി യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. പന്നിയാർ പുഴയുടെ പന്നിയാർ പുഴയുടെ ഒഴുക്ക് തടസപ്പെടുത്തിയുള്ള നിർമാണങ്ങൾ ഉടൻ പൊളിച്ചുനീക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് മുൻപ് കോടതിയെ അറിയിക്കണം. ഇപ്പോഴുള്ള കെട്ടിടത്തിൽ നിന്നും വ്യാപാരികളുടെ സാധനങ്ങൾ നീക്കം ചെയ്യാൻ അനുമതി നൽകണമെന്നും കോടതി നിർദേശിച്ചു. ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറിയെ ഹരജിയിൽ സ്വമേധയാ കക്ഷി ചേർത്ത ഹൈക്കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി. കോടതി വിധി നിരുത്സാഹപ്പെടുത്തുന്നതാണെന്ന് വ്യാപാരികൾ പ്രതികരിച്ചു.
റവന്യു വകുപ്പ് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ പൂപ്പാറയിലെ 56 കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ആമിക്കസ്ക്യൂരി മുഖേന ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്.
Adjust Story Font
16