ഇനി ഒന്നിച്ചു മുന്നോട്ട്; മോതിരം കൈമാറി ആര്യയും സച്ചിനും
രാവിലെ 11ന് എകെജി സെന്‍ററിലായിരുന്നു വിവാഹനിശ്ചയ ചടങ്ങ്
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാവിലെ 11ന് എകെജി സെന്‍ററിലായിരുന്നു ചടങ്ങ്. ഇരുവരും പരസ്പരം മോതിരം കൈമാറി. ഇരുവരുടെയും അടുത്ത ബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം പിന്നീട് നടക്കും.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിൻ. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവും പാർട്ടി ചാല ഏരിയാ കമ്മിറ്റി അംഗവുമാണ് ആര്യ രാജേന്ദ്രന്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയും തമ്മിലുള്ള വിവാഹനിശ്ചയമാണ് ഇന്ന് നടന്നത്.
ബാലസംഘം കാലം മുതലുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇരുപത്തിയേഴാം വയസിലാണ് സച്ചിന്‍ നിയമസഭയിലെത്തിയത്. ബാലുശ്ശേരിയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമാ താരവുമായ ധർമ്മജൻ ബോൾഗാട്ടിയെയാണ് സച്ചിന്‍ പരാജയപ്പെടുത്തിയത്.
2020ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുടവൻമുകൾ വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറായത്. 21ആം വയസിലാണ് മേയറായി ആര്യ അധികാരമേറ്റത്. തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജിൽ വിദ്യാർഥിയായിരിക്കെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജൻറായ ശ്രീലതയുടേയും മകളാണ് ആര്യ.
വീട്ടുകാരും പാർട്ടിയും ചേര്‍ന്ന് വിവാഹക്കാര്യം തീരുമാനിക്കുമെന്നാണ് ആര്യ രാജേന്ദ്രൻ പ്രതികരിച്ചിരുന്നത്. ആര്യ പറഞ്ഞതുപോലെ എകെജി സെന്‍ററില്‍ വെച്ച് വിവാഹനിശ്ചയം നടന്നു.
Adjust Story Font
16