വിദേശത്തു നിന്ന് മാർക്‌സെത്തി, ലെനിനും ഹോചിമിനും നാട്ടിലുണ്ട്; ഏംഗൽസിന് ഞായറാഴ്ച വിവാഹം
കല്യാണക്കുറിയിലുമുണ്ട് വിശേഷം!
തൃശൂർ: അതിരപ്പിള്ളി പഞ്ചായത്തിലെ അരൂർമുഴി കമ്യൂണിറ്റി ഹാൾ ഇന്ന് സവിശേഷമായൊരു വിവാഹത്തിന് സാക്ഷിയാകും. ഇന്നാണ് ഏംഗൽസിന്റെ വിവാഹം. മുൻ പഞ്ചായത്ത് പ്രസിഡണ്ട് മുണ്ടന്മാണി ഔസേപ്പിന്റെ മകൻ ഏംഗൽസിന്റെ. രക്തഹാരം ചാർത്തി ബിസ്മിതയെയാണ് ഏംഗൽസ് ജീവിതസഖിയാക്കുക. മാതൃഭൂമിയാണ് വിവാഹവാർത്ത റിപ്പോർട്ട് ചെയ്തത്.
വേറെയുമുണ്ട് വിശേഷങ്ങള്‍, വിവാഹത്തിന് സാക്ഷിയാകാൻ ഉണ്ടാകുക ലെനിനും ഹോചിമിനും മാർക്‌സുമൊക്കെയാണ്. ഏംഗൽസിന്റെ അനിയനാണ് ലെനിൻ. ഹോചിമിനും മാർക്‌സും സുഹൃത്തുക്കളും. കല്യാണം കൂടാനായി കഴിഞ്ഞ ദിവസമാണ് മാർക്‌സ് വിദേശത്തു നിന്നെത്തിയത്.
അതിരപ്പിള്ളിയിലെ ആദ്യകാല സിപിഎം പ്രവർത്തകനാണ് മുണ്ടന്മാണി ഔസേപ്പ്. ജനിച്ച മൂത്ത മകന് മാർക്‌സ് എന്നു പേരിട്ടു. രണ്ടാമത്തെയാൾ ഹോചിമിൻ. കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കറുകുറ്റിക്കാരൻ തോമസും ഇതേരീതി പിൻതുടർന്നു. അദ്ദേഹം തന്റെ മക്കൾക്ക് ഏംഗൽസ്, ലെനിൻ എന്ന് പേരിട്ടു.
സി.പി.എം. അതിരപ്പിള്ളി ലോക്കൽ കമ്മിറ്റിയംഗമാണ് ഏംഗൽസ്. മറ്റുള്ളവർ സി.പി.എം. പ്രവർത്തകരും. കല്യാണക്കുറിയിലുമുണ്ട് വിശേഷം. വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത് സി.പി.എം. ലോക്കൽ സെക്രട്ടറി കെ.എസ്. സതീഷ് കുമാറാണ്. മാലയെടുത്തുനൽകുന്നത് ചാലക്കുടി ഏരിയാ സെക്രട്ടറി കെ.എസ്. അശോകനും. ഏംഗൽസിന്റെ അമ്മ: ആനീസ്. അങ്കമാലി തുറവൂർ വള്ളിക്കാടൻ സേവ്യറിന്റെയും ബിന്ദുവിന്റെയും മകളാണ് ബിസ്മിത.
Adjust Story Font
16