ഫാഷിസത്തെക്കുറിച്ച് ക്ലാസെടുത്ത അധ്യാപകനെതിരെ അന്വേഷണം
എബിവിപിയാണ് പരാതി നല്‍കിയത്
ഫാഷിസത്തെക്കുറിച്ച് ക്ലാസെടുത്ത അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവ്. കേരള കേന്ദ്രസർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് വകുപ്പിലെ അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെതിരെ മാനവ വിഭവശേഷി മന്ത്രാലയവും യുജിസിയും കേന്ദ്രസർവകലാശാലയോട് വിശദീകരണം തേടി.
ഓൺലൈൻ ക്ലാസിൽ രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് എബിവിപിയാണ് അധ്യാപകനെതിരെ വൈസ് ചാൻസലർക്ക് പരാതി നൽകിയത്. ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി 'ഫാഷിസവും നാസിസവും' എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അധ്യാപകന്‍. തിങ്കളാഴ്ച നടന്ന ഓൺലൈൻ ക്ലാസ്സിൽ ജനറൽ ഫ്രാങ്കോയുടെ കീഴിൽ സ്പെയിൻ, സലാസറിനു കീഴിൽ പോർച്ചുഗൽ, ജുവാൻ പെറോണിന് കീഴിൽ അർജന്റീന, പിനോഷെയുടെ കീഴിൽ ചിലി, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന ഭരണം, 1990 കളുടെ തുടക്കത്തിൽ റുവാണ്ടയിലെ ഹുടു അൾട്രനാഷണലിസ്റ്റ് സംഘടന എന്നിവയെല്ലാം പ്രോട്ടോ ഫാഷിസ്റ്റ് സംഘടനകള്‍ ആയി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് 2014 മുതൽ നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ ഇങ്ങനെയുള്ള ഒന്നാണോ എന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുകയും ചെയ്തു.
"ആർ.എസ്.എസും അതിന്റെ അനുബന്ധ സംഘടനയും ചേർന്ന് സംഘ്പരിവാർ എന്നറിയപ്പെടുന്നു, അതായത് സംഘ് കുടുംബം (ബിജെപി ഉൾപ്പെടെ). ഇവരെ പ്രോട്ടോ ഫാഷിസ്റ്റ് സംഘടന ആയി കണക്കാക്കാം" എന്ന് പവർപോയിന്റ് സ്ലൈഡുകളിലൊന്നിൽ അധ്യാപകന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസ് ചോരുകയും എബിവിപി പരാതി ഉന്നയിക്കുകയുമായിരുന്നു. ഗൌരവ പഠനങ്ങളോ ഗവേഷണങ്ങളോ ഇന്ത്യയെ ഒരു ഫാഷിസ്റ്റ് രാജ്യമാണെന്ന് പറഞ്ഞിട്ടില്ലെന്നും ചില ദേശവിരുദ്ധ ഘടകങ്ങൾ മാത്രമാണ് ഇന്ത്യയെ ഫാഷിസ്റ്റ് രാജ്യമായി മുദ്രകുത്താൻ ശ്രമിക്കുന്നതെന്നും വൈസ് ചാൻസലർക്ക് അയച്ച കത്തില്‍ എബിവിപി പറയുന്നു. അധ്യാപകന്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നും പുറത്താക്കണമെന്നുമാണ് എബിവിപിയുടെ ആവശ്യം. ഇതിനെതിരെ എന്‍എസ്‍യുഐ, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.
Adjust Story Font
16