'ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇ.പി സമ്മതിച്ചു, രാഷ്ട്രീയമല്ലാതെ ഇരുവരും തമ്മിൽ രാമകഥയാണോ പറഞ്ഞത്?'; കെ. സുധാകരൻ
'രാഷ്ട്രീയം സംസാരിച്ചില്ലെന്ന ഇ.പിയുടെ പ്രസ്താവന തമാശയാണ്'
കണ്ണൂര്‍: താൻ ഉന്നയിച്ച ആരോപണങ്ങൾ ഇ.പി ജയരാജൻ ശരി വെച്ചെന്ന് കെ.സുധാകരൻ. പ്രകാശ് ജാവഡേക്കറുമായികൂടിക്കാഴ്ച നടത്തിയെന്ന് ഇ.പി സമ്മതിച്ചു. രാഷ്ട്രീയം സംസാരിച്ചില്ലെന്ന ഇപിയുടെ പ്രസ്താവന തമാശയാണ്. രാഷ്ട്രീയമല്ലാതെ ഇരുവരും തമ്മിൽ രാമകഥയാണോ പറഞ്ഞതെന്നും സുധാകരൻ പരിഹസിച്ചു.
ടി.ജി നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കറെ കണ്ടെന്ന് ഇ.പി ജയരാജൻ ഇന്ന് രാവിലെ സമ്മതിച്ചിരുന്നു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.' തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽവെച്ച് യാദൃച്ഛികമായാണ് ജാവഡേക്കറെ കണ്ടത്. കൂടിക്കാഴചയിൽ രാഷ്ട്രീയം സംസാരിച്ചില്ലെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ശോഭാ സുരേന്ദ്രനും സുധാകരനും ഗൂഢാലോചന നടത്തിയെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. പറഞ്ഞു.
പ്രകാശ് ജാവഡേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ചയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പി ജയരാജൻ വേണ്ടത്ര ജാഗ്രത കാട്ടിയില്ല. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും'. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കെ.സുധാകരനും കെ.സുരേന്ദ്രനും തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഇ.പി ജയരാജൻ ജാഗ്രത പാലിക്കണമായിരുന്നു എന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ് മുന്നറിയിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദൻ പറഞ്ഞു. 'ഇനി താൻ പ്രത്യേകമായി പറയണ്ട കാര്യമില്ല. ഇ.പിയുമായി ബന്ധപ്പെട്ട പ്രചാരണ കോലാഹലങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയ്ക്ക് എല്ലാ ആയുധങ്ങളും ഒരുക്കി വച്ചിരിക്കുകയാണ്'. എം.വി ഗോവിന്ദൻ പറഞ്ഞു.
ഇ.പി ജയരാജൻ-പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയുള്ള ഡീലെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചിരുന്നു. ബി.ജെ.പി നേതാക്കൾ ഇ.പി ജയരാജനെ കണ്ടത് ഡീലിന്റെ ഭാഗമാണ്. ജനങ്ങളെ പറ്റിക്കാനാണ് മുഖ്യമന്ത്രി ജാഗ്രതക്കുറവ് എന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ജാവഡേക്കർ ഇ.പി ജയരാജനെ സന്ദർശിച്ചത് മുഖ്യമന്ത്രി ന്യായീകരിച്ചു . കേരളത്തിൽ സി.പി.എം ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ അവരെ ജയിപ്പിക്കാനാണ് ധാരണ. ലക്ഷ്യം കോൺഗ്രസിനെ തകർക്കുക എന്നതാണ്..' കെ.സി വേണുഗോപാൽ പറഞ്ഞു.
Adjust Story Font
16