ലീഗ് എൽ.ഡി.എഫിലേക്ക് വരുമോ?; എല്ലാം ശുഭമാകുമെന്ന് ഇ.പി ജയരാജൻ
ഏക സിവിൽകോഡ് വേണമെന്ന് ഇ.എം.എസ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.
കണ്ണൂർ: മുസ് ലിം ലീഗ് എൽ.ഡി.എഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് എല്ലാം ശുഭമാകുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ മറുപടി. തങ്ങൾ കർമത്തിൽ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽകോഡിലൂടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വർഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോഴിക്കോട്ടെ സെമിനാറിൽ ആർ.എസ്.എസിനെയും ജമാഅത്തെ ഇസ് ലാമിയേയും പങ്കെടുപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് എക്കാലവും സ്വീകരിക്കുന്നത്. അതുകൊണ്ടാണ് കോൺഗ്രസിനെ ക്ഷണിക്കാതിരുന്നത്. അത് അവർ ഉപേക്ഷിച്ചാൽ അവരുമായും യോജിച്ച് പോകാൻ തയ്യാറാണ്. സെമിനാറിൽ പങ്കെടുക്കില്ലന്ന നിലപാട് ലീഗ് തിരുത്തുമെന്നാണ് പ്രതീക്ഷ. ലീഗിനെ പങ്കെടുപ്പിക്കണം എന്നാണ് എൽ.ഡി.എഫ് ആഗ്രഹിക്കുന്നത്. ലീഗ് പിന്തുണയില്ലെങ്കിൽ കേരളത്തിലെ ഒരു മണ്ഡലത്തിലും യു.ഡി.എഫ് ജയിക്കില്ല. ഏക സിവിൽകോഡിനെ സി.പി.എം നേതാക്കൾ അനുകൂലിച്ചു എന്നത് അബദ്ധ പ്രചാരണമാണ്. ഏകീകൃത സിവിൽകോഡ് വേണമെന്ന് ഇ.എം.എസ് പറഞ്ഞിട്ടില്ല. തെറ്റായ പ്രചരണം മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും ജയരാജൻ പറഞ്ഞു.
തെറ്റായ പ്രവണത ഏതെങ്കിലും സമുദായത്തിലുണ്ടങ്കിൽ അത് ആ സമുദായം തന്നെ തിരുത്തണം എന്നാണ് ഇ.എം.എസ് പറഞ്ഞത്. സി.പി.എം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പഴയകാല കഥകൾ പിന്നെ തപ്പി നടക്കേണ്ട കാര്യമില്ലല്ലോ. യു.ഡി.എഫ് മുന്നണിക്ക് ഈ നിലയിൽ അധികകാലം തുടരാൻ കഴിയില്ല. ഏകീകൃത സിവിൽ കോഡ് വേണമെന്ന് 85ലെന്നല്ല ഒരിക്കലും ഇ.എംഎസും ദേശാഭിമാനിയും പറഞ്ഞിട്ടില്ല. അന്നും ഇന്നും ഏകീകൃത സിവിൽ കോഡ് വേണ്ടന്നാണ് സി.പി.എം നിലപാട്. രാഷ്ട്രീയവും മതവും തമ്മിൽ കൂട്ടി കുഴക്കരുത് എന്നായിരുന്നു ഇ.എം.എസിന്റെ നിലപാടെന്നും ജയരാജൻ പറഞ്ഞു.
Adjust Story Font
16