ക്ഷണിച്ചിട്ടും പങ്കെടുത്തില്ല; ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടുനിന്ന് ഇ.പി ജയരാജൻ
കണ്ണൂർ ജില്ലയിൽ ജാഥക്ക് നൽകിയ സ്വീകരണ പരിപാടികളിൽ ഇ.പി പങ്കെടുത്തില്ല
കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടുനിന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കണ്ണൂർ ജില്ലയിൽ ജാഥക്ക് നൽകിയ സ്വീകരണ പരിപാടികളിൽ ഇ.പി പങ്കെടുത്തില്ല. ക്ഷണമുണ്ടായിട്ടും ഉദ്ഘാടന പരിപാടിയിൽ നിന്നും ഇ.പി വിട്ടുനിന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ഈ നാല് ദിവസത്തെ പരിപാടികൾ ഒരിടത്തുപോലും ഇപി ജയരാജൻ പങ്കെടുത്തില്ല എന്നതാണ് സിപിഎം കേന്ദ്രങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് കുമ്പളയിലാണ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകൻ. ഈ പരിപാടിയിലേക്ക് എൽഡിഎഫ് കൺവീനർ ഇപി ജയരാജന് ക്ഷണം ഉണ്ടായിരുന്നു. പക്ഷേ ആ പരിപാടിയിൽ പങ്കെടുത്തില്ല. ചൊവ്വാഴ്ച കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചു.
ചൊവ്വാഴ്ച കണ്ണൂർ ജില്ലയിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിലായിരുന്നു പര്യടനം. അദ്ദേഹം കൂടി ഉൾപ്പെടുന്ന അഴീക്കോട് നിയമസഭാ മണ്ഡല ഭാഗമായിട്ടുള്ള സ്വീകരണ പരിപാടി ഇന്നലെ വൈകിട്ട് കണ്ണൂരിൽ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആ പരിപാടിയിലേക്കും പക്ഷേ അദ്ദേഹം പങ്കെടുത്തില്ല. മാത്രമല്ല ജാഥ ഇതുവഴി കടന്നു പോകുമ്പോൾ അദ്ദേഹം കണ്ണൂരിലെ വീട്ടിൽ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി അദ്ദേഹം കണ്ണൂരിൽ ഉണ്ട്. മറ്റു പൊതുപരിപാടികളിൽ ഒന്നും പങ്കെടുക്കുന്നില്ല. തലശ്ശേരിയിലും ധർമ്മടത്തും പേരാവൂരിലുമാണ് ഇനി ജാഥ പര്യടനം നടത്താനുള്ളത്. ഇപി വിട്ടുനില്‍ക്കുന്നത് ചര്‍ച്ചയായതോടെ ജാഥയില്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് ശേഷം ജാഥ വയനാട്ടിലേക്ക് പ്രവേശിക്കും.
Adjust Story Font
16