Quantcast

മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി അമ്പരപ്പുണ്ടാക്കുന്നത്; ഇ.പി ജയരാജൻ

'ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് മാത്രമേ ഇത്തരം ഉത്തരവുകൾ ഉപകരിക്കുകയുള്ളൂ'

MediaOne Logo

Web Desk

  • Published:

    10 Oct 2024 12:30 PM GMT

മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി അമ്പരപ്പുണ്ടാക്കുന്നത്; ഇ.പി ജയരാജൻ
X

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹരജിയിൽ അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവിനെതിരെ ഇ.പി ജയരാജൻ. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതാണ് എന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇ.പിയുടെ പ്രതികരണം.

'നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവനയുടെ പേരിലാണ് ഈ അന്വേഷണ ഉത്തരവ് എന്ന് പറയുന്നു. ഹരജിയിൽ ആരോപിക്കുന്ന പ്രതികരണം മുഖ്യമന്ത്രി നടത്തിയത് കണ്ണൂർ ഗസ്റ്റ്ഹൗസിൽ വച്ചാണ്. പ്രതികരണത്തിനാധാരമായ സംഭവം നടന്നത് കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലും. ഈ രണ്ട് സംഭവവും എറണാകുളം സിജെഎം കോടതിയുടെ പരിധിയിൽ അല്ല. എന്നിട്ടും എറണാകുളം ഡിസിസി പ്രസിഡൻ്റ് എറണാകുളത്ത് ഹരജി നൽകിയിരിക്കുന്നു'- ഇ.പി ജയരാജൻ പറഞ്ഞു.

'പ്രഥമദൃഷ്ട്യാ തന്നെ തള്ളിക്കളയേണ്ട ഹരജിയാണ്. എന്നിട്ടും കോടതിയുടെ പരിധിയിലാണോ സംഭവം നടന്നതെന്ന സംശയം. ഈ സംശയത്തിന് പോലും അടിസ്ഥാനമില്ലെന്നിരിക്കെ ജുഡീഷ്യറിക്ക് അത്തരം സംശയം തോന്നുന്നത് പോലും എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് മാത്രമേ ഇത്തരം ഉത്തരവുകൾ ഉപകരിക്കുകയുള്ളൂ'- എന്നും ഇ.പി ജയരാജൻ കുറിച്ചു.

നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ചത് രക്ഷാപ്രവർത്തനമാണ് എന്ന പരാമർശത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. രക്ഷാപ്രവർത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്നും എറണാകുളം ഡിസിസി പ്രസിഡൻ്റ് നൽകിയ ഹരജിയിൽ പറയുന്നു.



TAGS :

Next Story