Quantcast

ഇ.പി ജയരാജനെതിരായ പി. ജയരാജന്റെ ആരോപണം; സി.പി.എമ്മിൽ പുതിയ ചേരി രൂപപ്പെടുന്നതിന്റെ സൂചന

കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചാൽ പോരാ രേഖാമൂലം പരാതി നൽകിയാൽ അന്വേഷിക്കാമെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞത് പി. ജയരാജന്റെ ആരോപണത്തെ ഗൗരവമായി കാണണമെന്ന എം.വി ഗോവിന്ദന്റെ സന്ദേശമായി കൂടി കാണുന്നവരുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-12-25 01:16:33.0

Published:

25 Dec 2022 12:50 AM GMT

ഇ.പി ജയരാജനെതിരായ പി. ജയരാജന്റെ ആരോപണം; സി.പി.എമ്മിൽ പുതിയ ചേരി രൂപപ്പെടുന്നതിന്റെ സൂചന
X

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ പി. ജയരാജന്റെ ആരോപണബോംബ് സി.പി.എമ്മിൽ പുതിയ ചേരി രൂപപ്പെടുന്നതിന്റെ സൂചനയെന്ന് വിലയിരുത്തൽ. കണ്ണൂർ നേതാക്കൾക്കിടയിൽ കോടിയേരി രൂപപ്പെടുത്തിയിരുന്ന സമവായ ഫോർമുല നഷ്ടമായതിന്റെ തുടക്കമായും പി.ജെയുടെ ആരോപണത്തെ കാണുന്നവരുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി പരാതി നൽകാൻ കമ്മിറ്റിയിൽ തന്നെ ആവശ്യപ്പെട്ടതുകൊണ്ട് പി. ജയരാജൻ അതുമായി മുന്നോട്ട് പോകുമോ എന്ന ആകാംക്ഷ സി.പി.എമ്മിന് പുറത്തുമുണ്ട്.

കണ്ണൂർ നേതാക്കൾക്കിടയിൽ നേരത്തെയും ചില അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും കോടിയേരി സെക്രട്ടറി ആയിരുന്ന കാലത്ത് അത് നിഴലിച്ച് നിന്നിരുന്നില്ല. മുന്നണിയിൽ ആയാലും പാർട്ടിയിൽ ആയാലും തർക്കങ്ങൾ ഉണ്ടെങ്കിൽ നയതന്ത്ര മികവോടെ അത് കോടിയേരി കൈകാര്യം ചെയ്തിരുന്നു. എന്നാൽ ആ ഫോർമുല നഷ്ടമായി എന്ന് വിളിച്ച് പറയുന്നതാണ് ഇ.പിക്കെതിരായ പി. ജയരാജന്റെ ആരോപണം. തന്നെക്കാൾ ജൂനിയറായ എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി ആക്കിയ ശേഷം പി.ബിയിൽ എടുത്തതോടെയാണ് ഇ.പിയുടെ പ്രശ്‌നം തുടങ്ങുന്നത്. എൽഡിഎഫ് കൺവീനർ ആയിട്ട് പോലും തിരുവനന്തപുരത്ത് വരാതെ അവധിയെടുത്ത് തന്റെ അതൃപ്തി പാർട്ടിയെ ബോധ്യപ്പെടുത്താൻ ഇ.പി ശ്രമിച്ചു. എന്നാൽ അനുനയിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രിയോ പോയില്ല. ഇതിനിടയിലാണ് ഇ.പിക്കെതിരെ പാർട്ടിയെ വെട്ടിലാക്കിയ പി. ജയരാജന്റെ ആരോപണം.

കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചാൽ പോരാ രേഖാമൂലം പരാതി നൽകിയാൽ അന്വേഷിക്കാമെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞത് പി. ജയരാജന്റെ ആരോപണത്തെ ഗൗരവമായി കാണണമെന്ന എം.വി ഗോവിന്ദന്റെ സന്ദേശമായി കൂടി കാണുന്നവരുണ്ട്. പാർട്ടി പ്രത്യയശാസ്ത്രത്തിൽ അണുകിട വെള്ളം ചേർക്കാത്ത എം.വി ഗോവിന്ദന്റെ പിന്തുണ പി. ജയരാജനുണ്ടെന്നും വിശ്വസിക്കുന്നവരുണ്ട്. മറ്റൊന്ന് പി. ജയരാജൻ ലക്ഷ്യംവെക്കുന്നത് ഇ.പി ജയരാജനെ മാത്രമാണോ എന്നുള്ളതാണ്. അല്ലെന്നാണ് ചില മുതിർന്ന നേതാക്കൾ പറയുന്നതും. പിണറായി പറയും പാർട്ടി അംഗീകരിക്കും എന്ന നിലയിൽ മാറ്റം വേണമെന്ന ആഗ്രഹിക്കുന്നവരുടെ കൂട്ടം പി. ജയരാജന്റെ ആരോപണത്തെ പിന്തുണയ്ക്കുന്നുണ്ട്. പി. ജയരാജൻ പരാതി നൽകിയാൽ അത് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറി തന്നെ മുന്നോട്ടുവെച്ചാൽ അത് അംഗീകരിക്കാതെ തള്ളിക്കളയാനും കഴിയില്ല. പി.ജെ പരാതി നൽകുമോ എന്നാണ് ഇനി പാർട്ടിയിലെ പ്രധാന നേതാക്കളടക്കം ഉറ്റുനോക്കുന്നത്.

TAGS :

Next Story