'മൂന്നാഴ്ചയോളം ചികിത്സയിലായിരുന്നു'; രാജ്ഭവൻ ധർണയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ഇ.പി ജയരാജൻ
'പങ്കെടുക്കാൻ കഴിയില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നു'
കണ്ണൂർ: ഗവർണക്കെതിരായ സമരത്തിൽ പങ്കെടുക്കാതിരുന്നത് അസുഖം കാരണമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മൂന്നാഴ്ചയോളം ചികിത്സയിലായിരുന്നു. പങ്കെടുക്കാൻ കഴിയില്ലെന്ന് നേരത്തെ പാർട്ടിയെ അറിയിച്ചതാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
നേരത്തെ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇത് ആരോഗ്യ സ്ഥിതി കൂടുതൽ വഷളാക്കി. ദേശീയ നേതാക്കളടക്കം പങ്കെടുത്ത പരിപാടിയാണ് തിരുവനന്തപുരത്ത് നടന്നത്. തന്റെ സാന്നിധ്യം ഉണ്ടാകണം എന്ന് വലിയ നിർബന്ധം ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ പോയേനെയെന്നും ജയരാജൻ പറഞ്ഞു. പ്രായവും ആരോഗ്യ പ്രശ്‌നവും മൂലം പല പരിപാടികളും ഒഴിവാക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കുന്നത് എഫ്ബി പോസ്റ്റ് വഴിയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഗവർണർക്കെതിരായ എൽഡിഎഫ് സമരത്തിൽ മുന്നണി കൺവീനർ ഇപി.ജയരാജന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. നവംബർ 6 വരെ പാർട്ടിയിൽ നിന്ന് അവധി എടുത്ത ജയരാജൻ അവധി പിന്നെയും നീട്ടി എന്നായിരുന്നു പാർട്ടി പ്രവർത്തകർ നൽകിയ വിശദീകരണം.
Adjust Story Font
16