‘ഗൂഢാലോചന അന്വേഷിക്കണം’; കെ. സുധാകരനും ശോഭ സു​രേന്ദ്രനും നന്ദകുമാറിനുമെതിരെ പൊലീസിൽ പരാതി നൽകി ഇ.പി. ജയരാജൻ | LDF convener EP Jayarajan filed a complaint with the police over his meeting with BJP leader Prakash Javadekar. The complaint is against BJP leader Shobha Surendran and TG Nandakumar |...

‘ഗൂഢാലോചന അന്വേഷിക്കണം’; കെ. സുധാകരനും ശോഭ സു​രേന്ദ്രനും നന്ദകുമാറിനുമെതിരെ പൊലീസിൽ പരാതി നൽകി ഇ.പി. ജയരാജൻ

നേരത്തെ ഇവർക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    1 May 2024 4:31 PM

Published:

1 May 2024 3:04 PM

ep jayarajan, Prakash Javadekar
X

ഇ.പി ജയരാജൻ  

തിരുവനന്തപുരം: തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ടി.ജി നന്ദകുമാർ എന്നിവർക്കെതിരെയാണ് പരാതി. എൽ.ഡി.എഫ് കൺവീനറായ തനിക്കെതിരെ കെ. സുധാകരനുമായി ചേർന്ന് ശോഭ സുരേന്ദ്രൻ ഗുഢാലോചന നടത്തി എന്നാണ് പരാതി. മൂന്നാം എതിർകക്ഷിയായ ടി.ജി നന്ദകുമാർ ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി തന്നെ കാണാൻ ആക്കുളത്തുള്ള മകന്റെ ഫ്ലാറ്റിൽ വന്നത് അനാവശ്യ വിവാദമാക്കിയതിന് പിന്നിൽ ശോഭ സുരേന്ദ്രനും സുധാകരനും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ്.

തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിന് മുന്നിൽ അവഹേളിക്കാനാണ് ശ്രമം. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങിലല്ലാതെ ശോഭ സുരേന്ദ്രനെ താൻ നേരിൽ കണ്ടിട്ടില്ല. ഫോണിൽ സംസാരിച്ച ബന്ധം പോലും ഇവരുമായില്ല.

മുമ്പ് ആർ.എസ്.എസ്- ബി.ജെ.പി ഗുണ്ടകളുടെ അക്രമണത്തിന്ന് വിധേയനായ ആളാണ് താൻ. കെ. സുധാകരനാണ് തന്നെ ട്രെയിനിൽ വധിക്കാൻ ഗുണ്ടകളെ അയച്ചത്. ഇക്കാര്യം ആന്ധ്രപ്രദേശ്, കേരള പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായതുമാണ്.

ഇപ്പോഴും തന്നെ അപകീർത്തിപ്പെടുത്തുന്നതിൽ സുധാകരന് പങ്കുണ്ട്. അപകീർത്തിപ്പെടുത്തുക എന്നതിനപ്പുറം ഗൂഢാലോചന ഉണ്ടോയെന്നും താൻ ഭയക്കുന്നു. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്നും പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ഇ.പി ജയരാജൻ ആവശ്യപ്പെട്ടു.

TAGS :

Next Story