Quantcast

എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ ഇ.പി. ജയരാജന് കടുത്ത അതൃപ്തി; സംഘടനാ അച്ചടക്ക നടപടിക്ക് സാധ്യത കുറവ്

സമ്മേളനകാലത്ത് സംഘടനാ നടപടി പാടില്ലെന്നാണ് സി.പി.എമ്മിന്റെ ചട്ടം

MediaOne Logo

Web Desk

  • Updated:

    2024-09-01 01:13:48.0

Published:

1 Sep 2024 12:52 AM GMT

ep jayarajan
X

തിരുവനന്തപുരം: ഇടത് മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയെങ്കിലും പാർട്ടിയുടെ സംഘടനാ അച്ചടക്ക നടപടി ഉണ്ടാകാൻ സാധ്യത കുറവ്. സമ്മേളനകാലത്ത് സംഘടനാ നടപടി പാടില്ലെന്നാണ് സി.പി.എമ്മിന്റെ ചട്ടം. നടപടി വേണമെങ്കിൽ പാർട്ടി കോൺഗ്രസ് കഴിയേണ്ടി വരും. മെയിൽ 75 വയസ്സ് പൂർത്തിയാകുന്ന ഇ.പി. ജയരാജനെ അടുത്ത പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യവും ഉയർന്നുവരുന്നുണ്ട്.

ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയത് പാർട്ടിയുടെ അച്ചടക്ക നടപടിയല്ല എന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചത്. ഇ.പി. ജയരാജൻ കേന്ദ്ര കമ്മിറ്റിയിൽ തുടരുമെന്നും സെക്രട്ടറി പറഞ്ഞിരുന്നു.

കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ ഇ.പി. ജയരാജന് കടുത്ത അതൃപ്തിയുണ്ട്. സംഘടനാപരമായ നടപടികളിലേക്ക് കൂടി കടന്നാൽ ഇ.പി പൊട്ടിത്തെറിച്ചേക്കും. ഇത് ബോധ്യപ്പെട്ടതോടെയാണ് അച്ചടക്ക നടപടികളിലേക്ക് കടക്കാൻ കഴിയാത്ത സമ്മേളന കാലയളവിന്റെ തലേദിവസം ഇ.പിക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്.

സി.പി.എമ്മിന്റെ സംഘടനാരീതി പ്രകാരം സമ്മേളനങ്ങൾ തുടങ്ങിയാൽ അച്ചടക്ക നടപടി പാടില്ല. ഇ.പിക്കെതിരെ ഇനി സംഘടനാ നടപടി സ്വീകരിക്കണമെങ്കിൽ ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് കഴിയണം.

കണ്ണൂരിൽ നടന്ന 23-ാം പാർട്ടി കോൺഗ്രസ് മുതലാണ് പാർട്ടി കമ്മിറ്റികളിൽ പ്രായപരിധി സി.പി.എം ഏർപ്പെടുത്തിയത്. 75 വയസ്സ് എന്ന പ്രായപരിധിയാണ് തീരുമാനിച്ചിട്ടുള്ളത്. ഇ.പി. ജയരാജന് മെയിലാണ് 75 വയസ്സ് തികയുക. ഏപ്രിലിൽ പാർട്ടി കോൺഗ്രസും. സാങ്കേതികമായി ഇ.പി. ജയരാജന് കേന്ദ്ര കമ്മിറ്റിയിൽ തുടരാമെങ്കിലും പാർട്ടി നേതൃത്വം അതിന് തീരുമാനമെടുക്കുമോ എന്നുള്ളതാണ് കാത്തിരിക്കേണ്ട ഉത്തരം.

TAGS :

Next Story