"ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ ചേരുമോ? ശോഭാ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടില്ല"; ഇ.പി ജയരാജൻ
പുറത്തുവരുന്ന വാർത്തകൾക്ക് അധിക ആയുസ്സ് ഇല്ലെന്നും കൺവീനർ സ്ഥാനത്തുനിന്ന് ഒഴിയുന്നത് അത്ര നിസ്സാരമല്ലെന്നും ഇ.പി ജയരാജൻ
ഇ.പി ജയരാജൻ
തിരുവനന്തപുരം: ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച ചർച്ച ചൂടുപിടിക്കുന്നതിനിടയിൽ ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. പുറത്തുവരുന്ന വാർത്തകൾക്ക് അധിക ആയുസ്സ് ഇല്ലെന്നും കൺവീനർ സ്ഥാനത്തുനിന്ന് ഒഴിയുന്നത് അത്ര നിസ്സാരമല്ലെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണം. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഇ.പി. ജയരാജന്‍ തള്ളി. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? ഞാന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോയെന്നും ഇ.പി ചോദിച്ചു. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു പ്രതികരണം.
"ശോഭാ സുരേന്ദ്രൻ എന്ന സ്ത്രീയെ ഞാൻ ഇതുവരെ ഒരു സ്ഥലത്ത് വച്ചും നേരിട്ട് കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞാൻ ഇന്നുവരെ അവർ പറയുന്ന ഹോട്ടലിൽ പോയിട്ടില്ല. എന്ത് കാര്യത്തിനാണ് ഞാൻ കാണേണ്ടത്? ഞാൻ ബിജെപിയിൽ ചേരാനോ? അല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ ചേരുമോ" എന്നായിരുന്നു ഇ.പിയുടെ മറുചോദ്യം. തനിക്കെതിരെയുളള ആസൂത്രിതമായ പദ്ധതിയാണിത് അതിന്റെ ഭാഗമായാണ് ഇത്തരം വാർത്തകൾ വരുന്നത്. ഒരാൾ എന്നെ വന്നു കാണുന്നത് പാർട്ടിയിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ടോ എന്നും പാർട്ടി നേതാക്കന്മാർ പലരെയും കാണാറുണ്ട് ഞങ്ങളെ പലരും വന്നു കാണാറുമുണ്ട് അതൊക്കെ പാർട്ടിയെ അറിയിക്കുന്നതെന്തിന് എന്ന് ഇ.പി ചോദിച്ചു. ദല്ലാൾ എന്തിനാണ് മുൻ കേന്ദ്രമന്ത്രിയുമായി വന്നത്. ദല്ലാളുമായി ഒരു അമിത ബന്ധവുമില്ലെന്നും ഇ.പി പറഞ്ഞു. എന്നാൽ ഇന്ന് നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ.പി-ജാവഡേക്കർ കൂടിക്കാഴ്ച ചർച്ച ചെയ്യും.
കഴിഞ്ഞ വർഷം മാർച്ച് അഞ്ചാം തീയതിയാണ് ബി.ജെ.പിയുടെ കേരളാ പ്രഭാരി പ്രകാശ് ജാവഡേക്കർ തിരുവനന്തപുരത്തെ ഫ്ലാറ്റിലേക്ക് വന്നത്. പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി എത്തിയതായിരുന്നു താൻ. അപ്രതീക്ഷിതമായിട്ടാണ് ദല്ലാൾ നന്ദകുമാറും ജാവഡേക്കറും കയറിവന്നത്. ആദ്യം അത്ഭുതം തോന്നി, ജാവഡേക്കർ തന്നെയാണോ എന്ന് സംശയിച്ചു. ഈ വഴി പോയപ്പോൾ താൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞതുകൊണ്ട് വന്നതാണെന്നായിരുന്നു ജാവഡേക്കർ പറഞ്ഞത്.
നാഷണൽ ഹൈവേയുടെ അടുത്ത് തന്നെയാണ് ഈ ഫ്ലാറ്റ്. ബിജെപിയുടെ ചുമതലക്കാരനായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇപി ജയരാജനെ പരിചയപ്പെട്ടില്ലെന്ന് ജാവഡേക്കർ പറഞ്ഞു. ചായ കുടിക്കാൻ ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. തുടർന്നൊരു പാർട്ടി മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് താൻ ഇറങ്ങി. അവർ അവരുടെ വഴിക്കും താൻ തന്റെ വഴിക്കും പോയെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു. തുടർന്നാണ് താൻ സിപിഎം വിട്ട് ബിജെപിയാകാൻ പോകുന്നു എന്ന തരത്തിൽ പ്രചാരണങ്ങൾ ഉയർന്നത്. തെരഞ്ഞെടുപ്പിന്റെ തലേദിവസം ഈ വാർത്ത പ്രചരിപ്പിച്ചത് ആസൂത്രിതമായാണ്. കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് വിരോധികളായ ചില മാധ്യമങ്ങളും കെ സുധാകരനും ശോഭാ സുരേന്ദ്രനും അടക്കമുള്ള രാഷ്ട്രീയക്കാരുമാണ് പിന്നിലെന്നും ഇപി ജയരാജൻ പ്രതികരിച്ചിരുന്നു.
Adjust Story Font
16