ഇ.പിക്ക് വിനയായത് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിനം തന്നെ കൂടിക്കാഴ്ചയെ കുറിച്ച് ഇപി പരസ്യമായി പറഞ്ഞതും നേതൃത്വത്തിൽ അതൃപ്തി ഉണ്ടാക്കി
തിരുവനന്തപുരം: ബി.ജെ.പിയുടെ കേരളത്തിലെ പ്രഭാരി പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ.പി ജയരാജന്‍റെ ഇടതുമുന്നണി കൺവീനർ സ്ഥാനം തെറിക്കാൻ കാരണമായത്. ഗുരുതരമായ അച്ചടക്കലംഘനം ഉണ്ടായിട്ടും നടപടിയെടുക്കാതിരുന്നാൽ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഒടുവിൽ സി.പി.എം നടപടിക്ക് ഒരുങ്ങിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിനം തന്നെ കൂടിക്കാഴ്ചയെ കുറിച്ച് ഇപി പരസ്യമായി പറഞ്ഞതും നേതൃത്വത്തിൽ അതൃപ്തി ഉണ്ടാക്കി. ഈ തുറന്നു പറച്ചിൽ പാർട്ടിയെ ആകെ ഞെട്ടിച്ചിരുന്നു. അതിലുള്ള അതൃപ്തതി മുഖ്യമന്ത്രി പരസ്യമായി തന്നെ പ്രകടിപ്പിച്ചു. പാർട്ടി ഒന്നും മറന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംഘടനാതലത്തിലും സർക്കാർ തലത്തിലും തിരുത്തലുകൾ വേണമെന്ന് സി.പി.എം നേരത്തെ തീരുമാനിച്ചതാണ്. സർക്കാരിന്‍റെ മുൻഗണനാക്രമത്തിൽ മാറ്റങ്ങൾ വരുത്തി സർക്കാർ തലത്തിലെ തിരുത്തലുകൾക്ക് നേതൃത്വം തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായിട്ടാണ് സംഘടന കാര്യങ്ങൾ സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ ചർച്ച ചെയ്തത്. ആ യോഗത്തിൽ തന്നെ ഇ.പി ക്കെതിരായ നടപടിയുടെ കാര്യത്തിലും പാർട്ടി തീരുമാനമെടുത്തു. ഇടതുമുന്നണി കൺവീനർ കസേര ഇതോടെ ജയരാജന് തെറിച്ചു. സി.പി.എമ്മിന്‍റെ സംഘടന രീതി പ്രകാരം ഒരാൾക്കെതിരെ അച്ചടക്കം നടപടി സ്വീകരിക്കണമെങ്കിൽ അത് അയാളുടെ ഘടകത്തിനേ കഴിയു. സംഘടനാ അച്ചടക്ക നടപടിയുടെ കാര്യത്തിൽ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കും.
Adjust Story Font
16