Quantcast

'മദ്യപാനം അടക്കം പല ശീലങ്ങളുമുള്ളവർ ഉണ്ടാകും, അവരെ ഒക്കെ നല്ല കുട്ടികൾ ആക്കുകയല്ലേ എസ്എഫ്‌ഐയുടെ പണി'- ഇ.പി ജയരാജന്‍

കെ.വിദ്യ എസ്.എഫ്.ഐ നേതാവല്ലെന്ന് ഇ.പി ജയരാജൻ

MediaOne Logo

Web Desk

  • Published:

    8 Jun 2023 9:02 AM GMT

ep jayarajan
X

ep jayarajan

കണ്ണൂര്‍: കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാര്‍ഥി തലമുറയെ നേര്‍വഴിയിലേക്ക് നയിക്കുകയാണ് എസ്.എഫ്.ഐ എന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിലെ കോളജുകളില്‍ ലക്ഷക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അവർക്കിടയിൽ പല ദുശ്ശീലങ്ങളും കാണും. മദ്യപിക്കുന്നവരും അല്ലാത്തവരും ഉണ്ടാവും. അവരെയൊക്കെ മെച്ചപ്പെടുത്തി നല്ല കുട്ടികളാക്കലാണ് എസ്.എഫ്.ഐ യുടെ പണി. ജയരാജന്‍ പറഞ്ഞു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.വിദ്യ എസ്.എഫ്.ഐ നേതാവല്ലെന്ന് ഇ.പി ജയരാജൻ കൂട്ടിച്ചേര്‍ത്തു. എസ്.എഫ്.ഐ ഭാരവാഹികളാകുന്നവർ നേതാവാകില്ല. നേതാക്കൾക്കൊപ്പമുള്ള ഫോട്ടോ ആധികാരിക രേഖയല്ല. വിദ്യ ചെയ്തത് തെറ്റാണെന്നും സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരാജാസ് കോളജിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോൾ വ്യാജ രേഖയിൽ അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ ന്യായീകരിക്കില്ല. കാലടിയിൽ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് ശരിയായ വഴിയിൽ അല്ലെങ്കിൽ അന്വേഷണത്തിലൂടെ പുറത്തു വരും. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അല്ലെ അന്വേഷണം പ്രഖാപിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഒരു കുറ്റവാളിയേയും സംരക്ഷിക്കില്ല. എസ്എഫ്ഐയെ മാത്രം നോക്കി നടക്കുന്നത് ശരിയല്ല. കാട്ടാക്കട സംഭവത്തിൽ കുറ്റക്കരെ സംരക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എസ്.എഫ്.ഐ മുൻ നേതാവ് കെ വിദ്യക്കെതിരെ കാലടി സർവകലാശാല നടപടിയെടുത്തേക്കും. വിദ്യയെ സസ്പെൻഡ് ചെയ്യണമോയെന്ന് അടുത്ത സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും. കാലടി സർലകലാശാല ഗവേഷക വിദ്യാർത്ഥിയാണ് വിദ്യ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പോലീസ് ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട് വിദ്യ ഒളിവിലാണെന്നാണ് വിവരം. വ്യാജ രേഖയുണ്ടാക്കി അധ്യാപക നിയമനത്തിന് ശ്രമിച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു.

TAGS :

Next Story