ബന്ധുനിയമന വിവാദവും മന്ത്രിസ്ഥാന നഷ്ടവും; പിണക്കങ്ങള്‍ തീര്‍ന്ന് മുന്നണിയെ നയിക്കാൻ ഇ.പി ജയരാജൻ എത്തുമ്പോൾ
ബന്ധുനിയമന വിവാദത്തില്‍ വിജിലൻസ് ക്ലീൻചിറ്റ് നൽകിയതോടെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും രാജി ജയരാജനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാക്കിയിരുന്നു
കോഴിക്കോട്: 2016 ഒക്ടോബർ 14നാണ് ഒന്നാം പിണറായി സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ സ്ഥാനം തെറിക്കുന്നത്. ബന്ധുനിയമന വിവാദത്തെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ തീരുമാന പ്രകാരമായിരുന്നു ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചത്. 142 ദിവസം മന്ത്രിസ്ഥാനത്ത് ഇരുന്ന ശേഷമാണ് ഒന്നാം പിണറായി സർക്കാരിൽ രണ്ടാമനെന്ന് അറിയപ്പെട്ടിരുന്ന ജയരാജന് സ്ഥാനമൊഴിയേണ്ടി വന്നത്.
ജയരാജന്റെ ഭാര്യാസഹോദരിയും കണ്ണൂർ എം.പിയുമായ പി.കെ ശ്രീമതിയുടെ മകനായ സുധീർ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായി നിയമിച്ചതായിരുന്നു വിവാദങ്ങൾക്കു തുടക്കം. നിയമനം വിവാദമായതോടെ ഉത്തരവ് വ്യവസായ വകുപ്പ് പിൻവലിച്ചെങ്കിലും പാർട്ടിക്കും മുന്നണിക്കും പ്രതിച്ഛായാനഷ്ടമുണ്ടാക്കിയെന്ന വിമർശനം ഒരു ഭാഗത്തുനിന്ന് ഉയർന്നു. ഇതോടൊപ്പം ജയരാജന്റെ ബന്ധുവും കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് ജനറൽ മാനേജരുമായ ദീപ്തി നിഷാദിൻറെ നിയമനവും വിവാദമായി. ജയരാജന്റെ സഹോദരന്റെ മരുമകളാണ് ദീപ്തി. ഇവരുടെ നിയമനത്തിൽ തുടക്കംതൊട്ടേ പാർട്ടിയിൽ എതിർപ്പുകളുണ്ടായിരുന്നു. ഇതിനെല്ലാം പിന്നാലെയായിരുന്നു ജയരാജന്റെ രാജി.
ബന്ധുനിയമന വിവാദവും രാജിയും കോടിയേരിയും
പിന്നീട് വിജിലൻസ് ക്ലീൻചിറ്റ് നൽകിയതോടെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും രാജി ജയരാജനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാക്കിയിരുന്നു. പിന്നാലെ രണ്ട് ടേം നയം കടുപ്പിച്ചതോടെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്തു. ഇതോടെ ജയരാജൻ തലസ്ഥാനത്തുതന്നെ എത്തുന്നത് കുറഞ്ഞിരുന്നു. എ.കെ.ജി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അക്കാര്യം പൂർണമായി പാലിച്ചിരുന്നില്ല.
പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുൻകൈയെടുത്താണ് ജയരാജന്റെ പ്രശ്നങ്ങളിൽ ഇടപെട്ടത്. പരാതികൾക്കും പരിഭവങ്ങൾക്കുമെല്ലാം പരിഹാരമുണ്ടാക്കാമെന്ന ഉറപ്പോടെയാണ് അദ്ദേഹം വീണ്ടും പാർട്ടി രംഗത്ത് സജീവമാകുന്നത്. ഇത്തവണ സംസ്ഥാന സമ്മേളനത്തിൽ കോടിയേരിക്കൊപ്പം സജീവമായി ജയരാജനും മുൻനിരയിലുണ്ടായിരുന്നു. കോടിയേരിക്കൊപ്പം നിന്നായിരുന്നു പ്രസീഡിയം ചെയർമാനായിരുന്ന ഇ.പി ജയരാജൻ സമ്മേളന നടപടികൾക്ക് നേതൃത്വം നൽകിയത്.
മുന്നണിയുടെ തലപ്പത്തേക്ക്
ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ജയരാജന് മുന്നണിയുടെ ചുമതല നൽകാൻ തീരുമാനമായിരിക്കുകയാണ്. പോളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ട നിലവിലെ കൺവീനർ എ വിജയരാഘവൻ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. ഇ.പി ജയരാജനെയും എ.കെ ബാലനെയുമായിരുന്നു കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. സി.പി.എം സമിതിക്ക് ശേഷം നാളെയായിരിക്കും ഇതു സംബന്ധിച്ച ഓദ്യോഗിക തീരുമാനം.
നിലവിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ് ഇ.പി ജയരാജൻ. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ അദ്ദേഹം ഡി.വൈ.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റാ തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം സി.പി.എം കണ്ണൂർ, തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
1997ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. അഴീക്കോട്ടുനിന്നായിരുന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2011ലും 2016ലും മട്ടന്നൂരിൽനിന്നും വീണ്ടും നിയമസഭയിലെത്തി. 2016ൽ പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ, കായിക വകുപ്പുകളുടെ ചുമതലയും ലഭിച്ചു. മന്ത്രിഭയിലെ രണ്ടാമനായാണ് ജയരാജൻ ഗണിക്കപ്പെട്ടിരുന്നത്.
Summary: EP Jayarajan to lead LDF
Adjust Story Font
16