40 പേര്‍ക്ക് ഭക്ഷ്യവിഷബാധ: ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി
മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 40ലധികം പേരാണ് ഛർദി, വയറിളക്കം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടിയത്
എറണാകുളം: പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ വൈകിട്ട് മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 40ലധികം പേരാണ് ഛർദി, വയറിളക്കം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രികളിൽ ചികിത്സ തേടിയത്. കുഴിമന്തി, അൽഫാം എന്നിവ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നുവെന്നാണ് പരാതി.
പറവൂർ താലൂക്ക് ആശുപത്രിയിൽ മാത്രം ഇരുപതിലധികം പേരാണ് ചികിത്സ തേടിയത്. മൂന്ന് സ്വകാര്യ ആശുപത്രികളിലേക്ക് പത്തിലധികം പേരും ചികിത്സ തേടിയെത്തി. പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു കുട്ടിയെ പിന്നീട് ആരോഗ്യനില വഷളായതോടെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തൃശൂരിൽ 5 പേരും ചികിത്സ തേടിയിട്ടുണ്ട്.
മജ്‌ലിസ് ഹോട്ടലിനെതിരെ നേരത്തെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ നടപടി ഉണ്ടായിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനും ഭക്ഷണങ്ങളിൽ അമിതമായ നിറം കലർത്തിയതിനും രണ്ട് പ്രാവശ്യം ഹോട്ടലിന് നോട്ടീസ് നൽകിയിരുന്നു.
ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
Adjust Story Font
16