മാഞ്ഞാലിയിലെ തോക്ക് എവിടെനിന്ന്? ഉറവിടം തേടി പൊലീസ്
കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടില്‍ നടന്ന പരിശോധനയിൽ തോക്കിനു പുറമെ ഒൻപത് ലക്ഷം രൂപയും ഇരുപതോളം വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്
കൊച്ചി: എറണാകുളം മാഞ്ഞാലിയിൽ പരിശോധനയിൽ പിടിച്ചെടുത്ത തോക്കിന്റെ ഉറവിടം തേടി പൊലീസ്. കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടിൽനിന്നാണ് നാലു തോക്കുകൾ പിടിച്ചെടുത്തത്. തോക്കുകൾ നൽകിയത് ഗുണ്ടാ തലവൻ പെരുമ്പാവൂർ അനസ് ആണെന്നും മൂന്നു വർഷമായി ഇത് കൈവശമുണ്ടെന്നുമാണ് റിയാസ് പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. തോക്കുകൾ ഉപയോഗിച്ചതാണോ എന്ന് അറിയാൻ ഫോറൻസിക് പരിശോധന നടത്തും. റിയാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയ്ക്കു ലഭിച്ച പ്രത്യേക രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ മാഞ്ഞാലിയിൽ റെയ്ഡ് നടന്നത്. പരിശോധനയിൽ റിയാസിന്റെ വീട്ടിൽനിന്നു തോക്കിനു പുറമെ ഒൻപത് ലക്ഷം രൂപയും ഇരുപതോളം വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.
പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായായിരുന്നു പരിശോധന. മാവിൻചുവട് മുബാറക് വധക്കേസ് ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് റിയാസ്. സംഭവത്തിൽ വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
Summary: Police are looking for the source of four guns seized from the house of notorious gangster Riyas in Manjaly, Ernakulam
Adjust Story Font
16