Quantcast

ഇലക്ട്രിക് വാഹനം വാങ്ങാന്‍ ധൈര്യമായി ഒരുങ്ങിക്കോളൂ... എല്ലാ ജില്ലകളിലും ചാർജിങ് സ്റ്റേഷൻ വരുന്നു

കെഎസ്ഇബിയുടെ 56 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2021-09-28 15:40:50.0

Published:

28 Sep 2021 2:29 PM GMT

ഇലക്ട്രിക് വാഹനം വാങ്ങാന്‍ ധൈര്യമായി ഒരുങ്ങിക്കോളൂ... എല്ലാ ജില്ലകളിലും ചാർജിങ് സ്റ്റേഷൻ വരുന്നു
X

നവംബറോടെ കേരളത്തിലെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. വാഹനങ്ങള്‍ ഇലക്ട്രിക് യുഗത്തിലേക്ക് മാറുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. നേരത്തെ ആറ് കോര്‍പ്പറേഷന്‍ ഏരിയകളില്‍ കെഎസ്ഇബിഎല്ലിന്റെ സ്ഥലത്തു സ്ഥാപിച്ച ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. മൂന്ന് ചാര്‍ജിങ്‌ സ്റ്റേഷനുകള് അനർട്ടും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലുമായി കെഎസ്ഇബിയുടെ 56 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതില്‍ 40 എണ്ണം നവംബറില്‍ പൂര്‍ത്തീകരിക്കും. അനര്‍ട്ടിന്റെ മൂന്ന് ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണവും നവംബറോടെ പൂര്‍ത്തിയാകും. എല്ലാവിധ കാറുകളും, ഓട്ടോറിക്ഷാ, ഇരുചക്രവാഹനങ്ങളും ചാര്‍ജ്‌ ചെയ്യാനുള്ള സംവിധാനം സ്റ്റേഷനുകളിലുണ്ടാകും. കെ എസ് ഇ ബിയുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ്‌ പോയിന്റുകള്‍ സ്ഥാപിക്കുന്ന പൈലറ്റ്‌ പ്രോജക്റ്റ്‌ അടുത്ത മാസം പൂര്‍ത്തീകരിക്കും. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ സിറ്റിയിലാണ്‌ 10 ചാര്‍ജ്‌ പോയിന്റുകൾ ഉള്‍പ്പെടുന്ന പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തു വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

ഇ – മൊബിലിറ്റി, ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ പ്രയോജനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 'ഗോ ഇലക്ട്രിക് ക്യാമ്പയിൻ' എനർജി മാനേജ്മെൻറ് സെൻറർ നടത്തുന്നുണ്ട്. ഗോ ഇലക്ട്രിക് പദ്ധതി പ്രകാരം കേരളത്തിലെ പൊതുജനങ്ങൾക്ക് വിപണിവിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഇലക്ട്രിക് ടൂവീലറുകൾ വാങ്ങുവാൻ കഴിയും. പൊതുജനങ്ങൾക്ക് എംപാനൽ ചെയ്യപ്പെട്ടിരിക്കുന്ന ആറ് വാഹന നിർമാതാക്കളിൽ നിന്നും ഇലക്ട്രിക് ടൂവീലറുകൾ www.MyEV.org.in എന്ന വെബ് സൈറ്റിൽ നിന്നും, കൂടാതെ MyEV മൊബൈൽ ആപ്പ് (ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ ആപ്പ്സ്റ്റോറിലും ലഭ്യമാണ്) വഴിയും ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ വാങ്ങുന്ന വാഹനങ്ങൾക്ക് 20,000 മുതൽ 43,000 രൂപ വരെ സബ്സിഡിയും ലഭിക്കും. 34 ഇലക്ട്രിക് വാഹനങ്ങളുടെ ബുക്കിങ് ഇതുവരെ നടന്നിട്ടുണ്ട്.

അതേസമയം, അനർട്ട് മുഖേന ഗവൺമെൻറ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ലീസിന് നൽകുന്ന കാർബൺ ന്യൂട്രൽ ഗവണേൻസ് പദ്ധതിയുടെ ഭാഗമായി 30 വാഹനങ്ങൾ നിരത്തുകളിൽ എത്തിച്ചു. ഈ നവംബറോടെ 20 വാഹനങ്ങള്‍ കൂടി നിരത്തിലിറക്കും. എനർജി മാനേജ്മെൻറ് സെന്റർ സംസ്ഥാനത്തെ താല്പര്യമുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കുറഞ്ഞ ചെലവിൽ ഇലക്ട്രിക് ഓട്ടോറിക്ഷ നൽകുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. ഇത് പ്രകാരം ഓട്ടോറിക്ഷ വാങ്ങാൻ ഉദ്ദേശിക്കുന്നവര്‍ക്ക് നിലവിൽ മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ ഇലക്ട്രിക് ഓട്ടോറിക്ഷ സ്വന്തമാക്കാൻ കഴിയും.

TAGS :

Next Story