'വയനാടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആകുന്നതെല്ലാം ചെയ്യും': ഒ.ആർ കേളു
ഒ ആർ കേളുവിന് എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി
തിരുവനന്തപുരം: വയനാടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആകുന്നതെല്ലാം ചെയ്യുമെന്ന് പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു. മന്ത്രിയായ ശേഷം ആദ്യമായി വയനാട്ടിലെത്തിയ ഒ ആർ കേളുവിന് എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ അതിർത്തിയായ ലക്കിടിയിൽ നിന്ന് വാഹന പ്രചാരണ ജാഥയായാണ് മന്ത്രിയെ കൽപ്പറ്റയിലേക്കാനയിച്ചത്.
വയനാട് ജില്ലാ രൂപീകരണത്തിനു ശേഷം വയനാട്ടിലെ സിപിഎമ്മിന് ലഭിക്കുന്ന ആദ്യ മന്ത്രിയാണ് ഒആർ കേളു. സാധാരണ ആദിവാസി കുടുംബത്തിൽ നിന്ന് പാർട്ടി പ്രവർത്തകനായി വളർന്നുവന്ന തങ്ങളുടെ പ്രിയ നേതാവിനെ കാണാനും കേൾക്കാനും സ്വീകരിക്കാനുമായി നൂറുകണക്കിന് പേരാണ് പ്രതികൂല കാലാവസ്ഥയിലും സ്വീകരണ സ്ഥലങ്ങളിൽ തടിച്ചുകൂടിയത്. സിപിഎമ്മിന് പുറമെ എൽഡിഎഫിലെ വിവിധ ഘടക കക്ഷികളും മന്ത്രിയെ പൊന്നാട അണിയിച്ചു.
ചുരുങ്ങിയ കാലയളവാണ് മുന്നിലുള്ളതെന്ന് സൂചിപ്പിച്ച മന്ത്രി, കഴിവിന്റെ പരമാവധി ജില്ലക്കായി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി. വയനാട് മെഡിക്കൽ കോളേജിനായി എംഎൽഎ ഫണ്ടിൽ നിന്നു മാത്രം 10 കോടി രൂപ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റുമാണ് ഒ ആർ കേളു.
Adjust Story Font
16