Quantcast

ചെല്ലാനം; വേണ്ടത് കുടിയൊഴിപ്പിക്കലല്ല

എന്താണ് ചെല്ലാനത്ത് സംഭവിക്കുന്നത്? എന്താണ് ഇവരുടെ ആവശ്യങ്ങൾ? ആരാണ് ഈ ആവശ്യങ്ങൾക്ക് തടസം നിൽക്കുന്നത്?

MediaOne Logo

തൗഫീഖ് അസ്‌ലം

  • Updated:

    2021-05-20 16:35:45.0

Published:

15 May 2021 2:36 PM GMT

ചെല്ലാനം; വേണ്ടത് കുടിയൊഴിപ്പിക്കലല്ല
X

ആർത്തിരമ്പി വരുന്ന തിരമാലകളെ നേരിട്ട് നൂറ്റാണ്ടുകളായി ഒരു ജനത തീരദേശത്ത് ജീവിതം കോർത്തിണക്കാൻ ശ്രമം തുടങ്ങിയിട്ട്. ജീവിക്കാനുള്ള വക നൽകുന്ന കടൽ പലപ്പോഴും ഇവരുടെ ജീവനെടുക്കുയാണ്. തിരയോട് ചേർന്നുള്ള ഈ ജീവിതങ്ങൾക്ക് വർഷങ്ങൾക്ക് ഇപ്പുറം പറയാനുള്ളത് പഴക്കമുള്ള ദുരിതക്കഥ തന്നെയാണ്. പ്രളയകാലത്ത് നിരവധി ജീവനുകളെ കൈപിടിച്ച് ഉയർത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവരെയിന്ന് കടലാക്രമിക്കുമ്പോൾ രക്ഷിക്കാനാരുമില്ലെന്ന നിലവിളിയാണ് എറണാകുളം ചെല്ലാനം തീരത്ത് നിന്നും ഉയരുന്നത്. കരയുടെ നിരന്തര അവഗണയില്‍ നിന്നുള്ള നിരാശയാലാകാം കടല്‍ ചിലപ്പോളെങ്കിലും എല്ലാ പരിധികളും ലംഘിച്ച് കരയിലേക്ക് കടന്നു കയറുകയും കടലിന്‍റെ മക്കള്‍ക്ക് കരയേണ്ടതായും വരുന്നത്.

കോവിഡിനൊപ്പം കടൽക്ഷോഭത്തിന്‍റെയും ദുരിതം പേറിയിരിക്കുകയാണ് ചെല്ലാനം കടപ്പുറം നിവാസികൾ. തീരത്ത് തിരത്തലിയടിക്കുന്ന പ്രതിരോധക്കടൽ വർഷങ്ങളായി അധികൃതർ അവഗണിക്കുകയാണ്. ജനങ്ങൾ സുരക്ഷിതമായി ജീവിക്കാൻ നടത്തുന്ന മുറവിളികൾ കണ്ടില്ലെന്ന് നടിക്കുകയാണ്.എന്താണ് ചെല്ലാനത്ത് സംഭവിക്കുന്നത്? എന്താണ് ഇവരുടെ ആവശ്യങ്ങൾ? ആരാണ് ഈ ആവശ്യങ്ങൾക്ക് തടസം നിൽക്കുന്നത്?



ചെല്ലാനം തേടുന്നത്

ചെല്ലാനത്തെ കടല്‍ഭിത്തി നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുകയാണ്. വലിയ പാറകളിലേക്ക് അടിച്ചുകയറുന്ന തിരമാലകളില്‍ ഒരുഭാഗം കല്ലുകള്‍ക്കിടയിലൂട ഉള്ളിലേക്കിറങ്ങുന്നു.നിനച്ചിരിക്കാത്ത നേരത്ത് കടല്‍ക്ഷോഭങ്ങളില്‍ ജീവിതം ഒലിച്ചുപോയവര്‍ ചെല്ലാനത്ത് നിരവധിയാണ്.ചിലരൊക്കെ ജീവിതത്തിലേക്ക് നീന്തിക്കയറി. അവരില്‍ പലര്‍ക്കും ഉടുതുണി മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. എന്നിട്ടും കടലിനെ ഉപേക്ഷിച്ച് പോകാന്‍ ഇവര്‍ക്ക് സാധിക്കുമായിരുന്നില്ല.കാരണം ഇവരുടെ ജീവനും ജീവിതവും ഈ അലറിയടിക്കുന്ന കടൽ മാത്രമാണ്.

കഴിഞ്ഞദിവസം മുതൽ ഉണ്ടായിരിക്കുന്നു ശക്തമായ മഴയിലും കടൽ ക്ഷോഭത്തിലും ചെല്ലാനം തീരപ്രദേശം ഒന്നാകെ കടൽ കയറി വലിയ ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചയോടെ ആരംഭിച്ച കടൽകയറ്റം ഇപ്പോഴും തുടരുകയാണ്. കടലാക്രമണത്തിൽ വെള്ളം നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടയിൽ വെള്ളക്കെട്ടിലേക്ക് വീണ് ഒരാൾക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. കൂടുതൽ കോവിഡ് രോഗികളുള്ള ചെല്ലാനത്തെ സ്ഥിതി സങ്കിർണ്ണമായി തുടരുന്നതിനിടെയാണ് ദുരിതമായി കടലാക്രമണം കൂടിയെത്തിയത്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ് ഒരു കൂട്ടം മനുഷ്യർ.

കൊച്ചി തുറമുഖത്തിനുവേണ്ടി കപ്പല്‍ ചാനലില്‍ ആഴം കൂട്ടുന്നതിനു വേണ്ടി നടത്തുന്ന ഡ്രഡ്ജിങ് തുടങ്ങിയ കാലം മുതല്‍ ചെല്ലാനം ഉള്‍പ്പെടെ എറണാകുളത്തിന്റെ പല തീരപ്രദേശങ്ങളിലും തീരശോഷണം ഉണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ് ചെല്ലാനത്ത് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്.ഇതിന് പ്രധാന കാരണം ചെല്ലാനം തെക്ക് നിര്‍മിച്ച കൃത്രിമ ഫിഷിങ് ഹാര്‍ബറാണ്. നബാര്‍ഡില്‍ നിന്ന് 29.9 കോടി രൂപ 2010ല്‍ വായ്പയെടുത്ത് നിര്‍മിച്ച ഈ കൃത്രിമ ഹാര്‍ബറിന്റെ തെക്കേ പുലിമുട്ടിന്‍റെ നീളം 570 മീറ്ററാണ്. വടക്കേ പുലിമുട്ടിനാകട്ടെ, 150 മീറ്ററും. ഇവയുടെ നിര്‍മാണമാണ് ഇതിന് വടക്കുള്ള ചെല്ലാനം മേഖലയില്‍ തീരശോഷണം രൂക്ഷമാക്കിയതെന്ന് പറയുന്നു. ഇത്തവണത്തെ കടല്‍ക്ഷോഭത്തില്‍ ചെല്ലാനം പ്രളയസമാനമായി.



ജിയോട്യൂബ് പാതിവഴിയിൽ

തീരത്ത് രൂക്ഷമാകുന്ന കടൽകയറ്റം തടയാൻ ജിയോട്യൂബ് സ്ഥാപിക്കണമെന്ന ആവശ്യവുമായി സമരം തുടങ്ങിയിട്ട് 564 ദിവസമായെങ്കിലും ഭരണകൂടമോ ജനപ്രതിനിധികളോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.സമരം പാടെ അവഗണിച്ചമട്ടിലാണ്. 2017 ലാണ് ജിയോട്യൂബ് ഉദ്ഘാടനം നടക്കുന്നത്.എന്നാൽ കരാറുകാരന്‍റെ അനാസ്ഥ മൂലം ഇത് മുന്നോട്ട് പോയില്ല. ഇതോടെയാണ് സമരം ശക്തമായത്. തുടർന്ന് പുതിയ കരാറുകാരൻ എത്തിയെങ്കിലും കോവിഡ് വ്യാപിച്ചതോടെ നിർമാണം തടസ്സപ്പെട്ടു.

മുൻ വർഷങ്ങളിലെ അനുഭവം മുൻനിർത്തിയാണ് പ്രദേശവാസികൾ കടൽ പ്രതിരോധ സംവിധാനം നിർമിക്കണം എന്ന ആവശ്യമുയർത്തി രംഗത്ത് എത്തിയത്. എല്ലാ വർഷവും കടൽ കയറുമ്പോൾ മാത്രം ജനപ്രതിനിധികൾ വരികയും വാഗ്ദാനങ്ങൾ നൽകി മടങ്ങുകയുമാണ് പതിവ്. കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തിയ ജില്ലാ കലക്ടറെ പ്രദേശവാസികൾ തടഞ്ഞിരുന്നു. കടൽ കയറ്റം രൂക്ഷമായ ഇടങ്ങളിൽ നിന്നും എത്രയും വേഗം ആളുകൾ മാറണമെന്നാണ് കളക്ടർ ആവശ്യപ്പെട്ടത്.എന്നാൽ ഈ ആവശ്യം പ്രദേശവാസികൾ അംഗീകരിച്ചില്ല.





കടൽ കയറുന്ന പ്രദേശങ്ങളിൽ ജിയോ ട്യൂബ് കൊണ്ടുള്ള പുലിമുട്ടുകൾ നിശ്ചിത അകലത്തിൽ നിർമിക്കണം എന്നതാണ് സമരക്കാരുടെ മുഖ്യ ആവശ്യം. കൊച്ചി പോർട്ട് ഡ്രജ് ചെയ്യുന്ന എക്കലും മണ്ണും അതിൽത്തന്നെ ഇവിടെ കൊണ്ടുവന്ന് ഇടുന്നതും പ്രശ്നത്തിനു പരിഹാരമാകും. ഇതിനൊന്നും തയാറാകാതിരുന്നതാണ് ഇത്ര ശക്തമായ കടൽകയറ്റത്തിനു കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ടു മാസം മുൻപു കലക്ടറേറ്റിലെത്തി ഈ പ്രശ്നം ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. തീരപ്രദേശത്ത് കടലിന് ആഴം കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിനനുസരിച്ചു ശക്തമായ തിരമാലകളുണ്ടാകുമെന്നും അതു വലിയ നാശത്തിന് ഇടയാക്കുമെന്നും കലക്ടറെ അറിയിച്ചിരുന്നു. എന്നാൽ യാതൊരു നടപടിയും കലക്ടറുടെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.





മാറ്റിപ്പാർപ്പിക്കലിന് പിന്നിൽ

20 വർഷമായി ഈ പ്രശനത്തിന് പരിഹാരം തേടി ഇവർ അലയാൻ തുടങ്ങിയിട്ട്.പടിഞ്ഞാറ് ഭാഗത്ത് കടൽ കിഴക്ക് കായൽ ഇതിനിടയിൽ വീതി കുറഞ്ഞു നീളത്തിൽ കിടക്കുന്ന ഭൂപ്രദേശമാണ് ചെല്ലാനം. കടൽ ഭിത്തിയുടെ തകർച്ചയോടെ കടൽ കയറി വരുകയും തീരം ഇല്ലാതാകുകയും ചെയ്യുന്ന ഗുരുതരസാഹചര്യമാണ് നിലവിലുള്ളത്. 2017-ൽ ഓഖി തിരമാലകൾ കൂടി എത്തിയതോടെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി. കോവിഡും കടൽക്ഷോഭവും ഒന്നിച്ചു എത്തിയാൽ ഇരട്ട ദുരന്തത്തെ അഭിമുഖികരിക്കേണ്ടി വരുമെന്ന് നാട്ടുകാർ മുന്നറീപ്പ് നൽകിയിരുന്നു.

അപകടമേഖലയെന്ന പറഞ്ഞു പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുകയാണ് അധികൃതർ കാണുന്ന ഏക പരിഹാരം തീരത്ത് 50 മീറ്റർ പരിധിയിൽ ഉള്ളവരെ 10 ലക്ഷം രൂപ നൽകി മാറ്റിപാർപ്പിക്കുന്നതിന് പദ്ധതിയും തയാറാക്കിയിരുന്നു. ആളുകൾ തീരംവിട്ട് പോകണമെന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവന വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒഴിഞ്ഞു പോകുന്നവർക്ക് സ്ഥലം വാങ്ങാൻ 6 ലക്ഷം രൂപയും വീട് വെക്കാൻ 4 ലക്ഷം നൽകാം എന്നുമാണ് വാഗ്‌ദാനം. ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ നൽകുമ്പോൾ അവരുടെ നിലവിലുള്ള സ്ഥലത്തിന്‍റെ മൂല്യം കണക്കാക്കുന്നുണ്ടോയെന്ന ആശങ്കയും ഇവർക്ക് ഉണ്ട്.പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകൾ 12 വർഷത്തിന് ശേഷം മാത്രമേ ആധാരം കൈമാറുകയുള്ളുവെന്നതും ഏറെ ചർച്ചയായിരുന്നു.

തിരുവനന്തപുരം മുതൽ കാസർകോട് വരെ രണ്ടുവശവും സൈക്കിൾ ട്രാക്കോട്‌ കൂടിയ ഹൈവേ പദ്ധതി തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ഹൈവേ നിർമിക്കാൻ കേന്ദ്രസർക്കാരിന്‍റെ 'സാകർമാല' പദ്ധതി ചരക്കുനീക്കം സുഖമമാക്കുക മേഖലയിലേക്ക് കൂടുതൽ മൂലധന നിക്ഷേപം സാധ്യമാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇവ തയാറാക്കപ്പെട്ടിരിക്കുന്നതെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. ഇതിന്‍റെ എല്ലാം ഭാഗമായാണ് തീരവാസികളെ കുടിയൊഴിപ്പിക്കാൻ ശ്രമം നടക്കുന്നതെന്ന് സമരസമിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. പ്രദേശം നേരിടുന്ന ഭീഷണിയുടെ ഗൗരവും കണക്കിലെടുത്ത് ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് സമഗ്രമായ തീരസംരക്ഷണ പദ്ധതിയാണ് നടപ്പാക്കുകയാണ് സർക്കാർ ഇവിടെ ചെയ്യണ്ടത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: നിഷാദ് ഉമ്മർ

TAGS :

Next Story