പാരമ്പര്യ വൈദ്യന്‍ വധക്കേസ്; പ്രതിയുമായി തെളിവെടുപ്പ് ഇന്നും തുടരും
മുക്കട്ടയിലെ ഷൈബിന്‍റെ സുഹൃത്തിന്‍റെ വീട്ടിലും പൊലീസ് പരിശോധന നടത്തി
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്‍റെ കൊലപാതകത്തിൽ പ്രതിയുമായി തെളിവെടുപ്പ് ഇന്നും തുടരും. പൊലീസ് കസ്റ്റഡിയിലുള്ള നൗഷാദുമായാണ് തെളിവെടുപ്പ്. മുക്കട്ടയിലെ ഷൈബിന്‍റെ സുഹൃത്തിന്‍റെ വീട്ടിലും പൊലീസ് പരിശോധന നടത്തി.
ഷാബാ ഷെരീഫിന്‍റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്‍റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിൽ വിശദമായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. കസ്റ്റഡിയിലുള്ള പ്രതി നൗഷാദ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് വീട്ടിൽ പരിശോധന നടത്തുന്നത് . വീട്ടിൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ ഷൈബിൻ അഷ്റഫും സംഘവും നടത്തിയിരുന്നു . ഇക്കാര്യവും പ്രതി നൗഷാദ് പൊലീസിന് മൊഴി നൽകി . ഫോറൻസിക് , വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്‍റെയും സഹായത്തോടെയാണ് പൊലീസ് പരിശോധന.
വീട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാകും പ്രതിയെ മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയ എടവണ്ണ പാലത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുക. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ നിലമ്പൂരിലെ ഏതാനും കടകളിൽ നിന്നാണ് വാങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കടകളിലും നൗഷാദിനെ എത്തിച്ച് പരിശോധന നടത്തും. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കുന്ന നൗഷാദുമായി തെളിവെടുപ്പ് പൂർത്തിയായ ശേഷമാകും മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫിനും മറ്റ് കൂട്ട് പ്രതികൾക്കുമായി അനേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകുക.
ഷൈബിന്‍റെ മുക്കട്ടയിലെ സുഹൃത്തിന്‍റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. മുക്കട്ട സ്വദേശി ഫാസിലിന്‍റെ വീട്ടിലാണ് പൊലീസ് എത്തിയത്. ഫാസില്‍ ഷൈബിനൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം ഒളിവിലുള്ള ഫാസിലിനെ കണ്ടെത്താനായിട്ടില്ല.
Adjust Story Font
16