മുൻ എം.എൽ.എ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു
മുസ്‌ലിം ലീഗ് നേതാവും മേപ്പയൂർ എം.എൽ.എയുമായിരുന്നു
കോഴിക്കോട്: മേപ്പയൂർ മുൻ എം.എൽ.എയും മുസ്‌ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു. 89 വയസായിരുന്നു. അസുഖബാധിതനായി ഏറെനാളായി വിശ്രമത്തിലായിരുന്നു.
ഹൈസ്‌കൂൾ പഠനകാലത്ത് എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയരംഗത്ത് പ്രവർത്തനമാരംഭിക്കുന്നത്. കുറഞ്ഞകാലം സോഷ്യലിസ്റ്റ് രാഷ്ട്രീയചേരിക്കൊപ്പം നിന്ന അദ്ദേഹം പിന്നീട് മുസ്‌ലിം ലീഗിനൊപ്പം ചേർന്നു. 30 വർഷത്തോളം നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനവും രണ്ടുവർഷം വടകര താലൂക്ക് പ്രസിഡന്റ് ചുമതലയും വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
1965ൽ നാദാപുരം മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി.എച്ച് കണാരനോട് പരാജയപ്പെട്ടു. ദീർഘകാലം ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന മേപ്പയൂർ മണ്ഡലം പിടിച്ചെടുക്കാനുള്ള ദൗത്യമാണ് പാർട്ടി പിന്നീട് ഏൽപിച്ചത്. 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ അന്ന് അഖിലേന്ത്യാ ലീഗ് നേതാവായിരുന്ന എ.വി അബ്ദുറഹ്മാൻ ഹാജിയെ തോൽപിച്ച് എം.എൽ.എയാകുകയും ചെയ്തു. നാദാപുരം സംഘര്‍ഷങ്ങളില്‍ സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ്.
ജനാസ നമസ്‌കാരം ഇന്നു രാവിലെ 11ന് എടച്ചേരി നല്ലൂർ സുബുലുസ്സലാം അങ്കണത്തിൽ നടക്കും.
പണാറത്ത് കുഞ്ഞിമുഹമ്മദിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
പണാറത്ത് കുഞ്ഞിമുഹമ്മദിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമസഭാ സാമാജികനെന്ന നിലയിൽ നാടിന്‍റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട അദ്ദേഹം നാദാപുരം മേഖലയിലെ സാമൂഹിക പ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Summary: EX Meppayur MLA and Muslim League leader Panarath Kunhi Mohammed passed away
Adjust Story Font
16