Quantcast

'വിധികർത്താക്കളെ സ്വാധീനിക്കാൻ മുൻ എസ്.എഫ്.ഐ നേതാവ് അഞ്ചുലക്ഷം വാഗ്ദാനം ചെയ്തു'; കേരള കലോത്സവ വിവാദത്തിൽ വെളിപ്പെടുത്തൽ

പ്രോഗ്രാം സബ് കമ്മിറ്റി കൺവീനർ അക്ഷയ് ആണ് സി.പി.എം നേതൃത്വത്തിന് പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2024-03-16 04:59:08.0

Published:

16 March 2024 3:37 AM GMT

Ex-SFI leader offered five lakhs to influence judges at Kerala University Arts Festival, Central Committee member reveals
X

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴവിവാദത്തിന് പിന്നിൽ മുൻ എസ്.എഫ്.ഐക്കാരനെന്ന് കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ പരാതി. മുൻ ജില്ലാ ഭാരവാഹി വിധികർത്താക്കളെ സ്വാധീനിക്കാൻ പണം വാഗ്ദാനം ചെയ്തുവെന്നാണു വെളിപ്പെടുത്തൽ. പ്രോഗ്രാം സബ് കമ്മിറ്റി കൺവീനർ കൂടിയായ അക്ഷയ് ആണ് ഇതുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വത്തിന് പരാതി നൽകിയത്.

വിധികർത്താക്കളെ ഏകോപിപ്പിക്കലും സ്റ്റേജിലെ മത്സരസമയക്രമം ഉറപ്പാക്കലുമെല്ലാം അക്ഷയ്‌യുടെ ചുമതലയായിരുന്നു. ഇതു മനസിലാക്കിയാണു മുൻപ് പാർട്ടിയിൽ അച്ചടക്ക നടപടി നേരിട്ട മുൻ ജില്ലാ ഭാരവാഹി വിധികർത്താക്കളെ സ്വാധീനിക്കാൻ ആവശ്യപ്പെട്ടു തന്നെ സമീപിച്ചതെന്നാണു അക്ഷയ് നൽകിയ പരാതിയിലുള്ളത്. ഇയാൾ അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും വെളിപ്പെടുത്തലുണ്ട്.

ആദ്യ ദിവസംതൊട്ടേ കോഴ വിവാദത്തിൽ മുങ്ങിയിരിക്കുകയായിരുന്നു കലോത്സവം. തിരുവാതിര, മാർഗംകളി ഉൾപ്പെടെയുള്ള മത്സരയിനങ്ങളിൽ വിധികർത്താക്കൾ കോഴവാങ്ങിയെന്നും ഇതിനനുസരിച്ചാണു മത്സരഫലം വന്നതെന്നുമായിരുന്നു ആരോപണം. പരാതികൾ ശക്തമായതോടെ കലോത്സവം റദ്ദാക്കുകയും ചെയ്തിരുന്നു.

മാർഗംകളി മത്സരത്തിൽ വിധികർത്താവായിരുന്നു പി.എൻ ഷാജിയുടെ ദുരൂഹമരണവും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാർച്ച് 13നാണ് കണ്ണൂർ ചൊവ്വ സ്വദേശി ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴ വിവാദത്തിൽ തൊട്ടടുത്ത ദിവസം തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയിരുന്നു. ഷാജിക്ക് എസ്.എഫ്.ഐ നേതാക്കളുടെ മർദനമേറ്റതിനു ദൃക്‌സാക്ഷിയാണെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസം നൃത്തപരിശീലകൻ ജോമറ്റ് രംഗത്തെത്തിയിരുന്നു.

Summary: ''Ex-SFI leader offered five lakhs to influence judges at Kerala University Arts Festival'', Central Committee member reveals

TAGS :

Next Story