കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം: പ്രതികൾക്കായി വലവിരിച്ച് എക്‌സൈസ്
മൂന്ന് യുവാക്കളെത്തിയാണ് ചെടി നട്ട് ഫോട്ടോഷൂട്ടും നടത്തിയത്. കഞ്ചാവ് കേസ് പ്രതികളാണ് പിന്നിലെന്നാണ് സൂചന.
![കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം: പ്രതികൾക്കായി വലവിരിച്ച് എക്‌സൈസ് കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം: പ്രതികൾക്കായി വലവിരിച്ച് എക്‌സൈസ്](https://www.mediaoneonline.com/h-upload/2021/06/07/1229598-download.webp)
കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം നടത്തിയവർക്കായി വലവിരിച്ച് എക്‌സൈസ്. കൊല്ലം മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് കഞ്ചാവ് ചെടി നട്ടത്. മൂന്ന് യുവാക്കളെത്തിയാണ് ചെടി നട്ട് ഫോട്ടോഷൂട്ടും നടത്തിയത്. കഞ്ചാവ് കേസ് പ്രതികളാണ് പിന്നിലെന്നാണ് സൂചന.
യുവാക്കളുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ നാട്ടുകാരാണ് എക്സൈസിനെ വിവരം അറിയിച്ചത്. എക്സൈസ് കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ടി. രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കഞ്ചാവ് കേസിൽ മുമ്പ് പിടിയിലായ കണ്ടച്ചിറ സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് ചെടികൾ നട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇവരെ ഉടൻ പിടികൂടുമെന്ന് അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു. എക്സൈസ് പ്രീവന്റീവ് ഓഫീസർ എം. മനോജ് ലാൽ, നിർമ്മലൻ തമ്പി, ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ, ശ്രീനാഥ്, അനിൽകുമാർ, ജൂലിയൻ ക്രൂസ്, ഡ്രൈവർ നിതിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. മങ്ങാട് ബൈപ്പാസ് പാലത്തിനടിയിലും കഞ്ചാവ് ചെടി നട്ടതായി വിവരം ലഭിച്ചെങ്കിലും പരിശോധനയിൽ ഇവ നശിപ്പിച്ച നിലയിലായിരുന്നു.
Adjust Story Font
16