Quantcast

'നാളെ വരും നാളെ വരും എന്ന് പ്രതീക്ഷ നൽകുമായിരുന്നു, പക്ഷേ വന്നില്ല': കൊല്ലപ്പെട്ട പ്രവാസിയുടെ ഭാര്യ

"15ആം തിയ്യതി എത്തുമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അപ്പോള്‍ അദ്ദേഹം വിളിച്ചിട്ട് വരേണ്ട, വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    20 May 2022 5:29 AM GMT

നാളെ വരും നാളെ വരും എന്ന് പ്രതീക്ഷ നൽകുമായിരുന്നു, പക്ഷേ വന്നില്ല: കൊല്ലപ്പെട്ട പ്രവാസിയുടെ ഭാര്യ
X

മലപ്പുറം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ അജ്ഞാത സംഘം മര്‍ദിച്ച പ്രവാസി മരിച്ചു. ജിദ്ദയിൽ നിന്നെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീലാണ് മരിച്ചത്. ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സംശയം.

റോഡരികിൽ പരിക്കേറ്റ് കിടന്നയാളാണെന്നു പറഞ്ഞ് ആക്കപ്പറമ്പ് സ്വദേശി യഹിയ ആണ് ജലീലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അബ്ദുല്‍ ജലീലിന്‍റെ ഭാര്യ പറഞ്ഞതിങ്ങനെ- "15ആം തിയ്യതി വിമാനത്താവളത്തില്‍ എത്തുമെന്ന് പറഞ്ഞപ്പോള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ പകുതി വഴി വരെ പോയി. അപ്പോള്‍ അദ്ദേഹം വിളിച്ചിട്ട് വരേണ്ട, നേരം വൈകും, അങ്ങോട്ടുവരാമെന്ന് പറഞ്ഞു. അതോടെ ഞങ്ങള്‍ തിരിച്ചുപോന്നു. അന്നു രാത്രി 10 മണിക്ക് വിളിച്ചിട്ട് ഇന്നു വരാന്‍ പറ്റില്ല. നാളെ വരാമെന്ന് പറഞ്ഞു. 16നും 17നുമെല്ലാം വിളിച്ച് ഇതുതന്നെ പറഞ്ഞു. നെറ്റ് കോളായിരുന്നു. അങ്ങോട്ട് എന്തെങ്കിലും ചോദിക്കും മുന്‍പ് കട്ടാവും. 18ന് വിളിച്ചില്ല. ഒരു വിവരവുമില്ല. അതോടെയാണ് അഗളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടുത്ത ദിവസം വിളിച്ചപ്പോള്‍ വരുമെന്നും പരാതി പിന്‍വലിക്കാനും പറഞ്ഞു. എവിടെയാണെന്ന് ചോദിച്ചപ്പോള്‍ മറുപടി കിട്ടിയില്ല. അറിയില്ലെന്ന് പറയാന്‍ കൂടെയുള്ള ആരോ പറയുന്നതു കേട്ടു. ഉപദ്രവിക്കുന്നതായിട്ടൊന്നും പറഞ്ഞില്ല. എല്ലാ ദിവസവും പ്രതീക്ഷ തന്നു. നാളെ വരും, നാളെ വരുമെന്ന്. പക്ഷേ വന്നില്ല. പിന്നെ ഇന്ന് രാവിലെയാണ് കോള്‍ വന്നത്. ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണെന്ന് പറഞ്ഞു. അപ്പോ തന്നെ ഞങ്ങള്‍ അങ്ങോട്ടു പുറപ്പെട്ടു".

TAGS :

Next Story