''ദി ഹിന്ദുവില്‍നിന്ന് നിലവാരമുള്ള ജേണലിസം പ്രതീക്ഷിക്കുന്നു''; വീണയ്‍ക്കെതിരായ വാര്‍ത്തയില്‍ വിമര്‍ശനവുമായി ഐസക്ക്
''എക്സാലോജിക്കും സി.എം.ആർ.എല്ലുമായി ഉണ്ടാക്കിയ കൺസൾട്ടൻസി കരാറും ആ സേവനങ്ങൾക്കു കൈമാറിയ പ്രതിഫലവും എൽ.ഡി.എഫിന്റെയോ പിണറായി സർക്കാരിന്റെയോ കരിമണൽ ഖനന നയത്തെ സ്വാധീനിച്ചിട്ടില്ല.''
വീണ വിജയന്‍, തോമസ് ഐസക്ക്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ ടി.യെക്കുറിച്ചുള്ള 'ദി ഹിന്ദു' വാര്‍ത്തയ്‍ക്കെതിരെ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ഡോ. തോമസ് ഐസക്ക്. വീണയെ പിണറായിയുമായി ചേര്‍ത്തുപറഞ്ഞത് ദി ഹിന്ദുവില്‍നിന്ന് പ്രതീക്ഷിക്കാത്തതാണെന്ന് ഐസക്ക് വിമര്‍ശിച്ചു. എക്സാലോജിക്കും സി.എം.ആർ.എല്ലുമായി ഉണ്ടാക്കിയ കരാറും അവര്‍ നല്കിയ പ്രതിഫലവും എൽ.ഡി.എഫിന്റെയോ പിണറായി സർക്കാരിന്റെയോ കരിമണൽ ഖനന നയത്തെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വീണ ടി ആണ് എക്സാലോജിക്കിന്റെ ഉടമ. അവരെ Ms. Veena എന്നു വിശേഷിപ്പിക്കാം. പുതിയ തലമുറ അംഗീകരിക്കില്ലെങ്കിലും Mrs. Riyas എന്നും വിശേഷിപ്പിക്കാം. പക്ഷേ, മകളുടെ പേര് പരാമർശിക്കുമ്പോൾ Ms എന്നു ചേർത്ത് അച്ഛന്റെ പേരെഴുതുന്ന രീതി ഇംഗ്ലീഷിലെന്നല്ല, ഒരു ഭാഷയിലുമില്ല. അത്തരം പ്രയോഗങ്ങൾ ദുഷ്ടലാക്കുള്ള മനസിൽനിന്ന് ജനിക്കുന്നതാണ്. ദി ഹിന്ദു പോലൊരു പത്രത്തിൽനിന്ന് ഹീനം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ഇത്തരം രീതികൾ ആരും പ്രതീക്ഷിക്കുന്നില്ല. ആ പത്രത്തിൽനിന്ന് നിലവാരമുള്ള ജേണലിസം രീതിയാണ് എല്ലാവരും ആഗ്രഹിക്കുക-തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
എക്സാലോജിക്കും സി.എം.ആർ.എല്ലുമായി ഉണ്ടാക്കിയ കൺസൾട്ടൻസി കരാറും ആ സേവനങ്ങൾക്കു കൈമാറിയ പ്രതിഫലവും എൽ.ഡി.എഫിന്റെയോ പിണറായി സർക്കാരിന്റെയോ കരിമണൽ ഖനന നയത്തെ സ്വാധീനിച്ചിട്ടില്ല. അങ്ങനെയൊരു ആക്ഷേപവും നാളിതുവരെ ഉന്നയിക്കാനോ തെളിയിക്കാനോ മാധ്യമങ്ങൾക്കോ പ്രതിപക്ഷത്തിനോ കഴിഞ്ഞിട്ടുമില്ല. യാതൊരു അടിസ്ഥാനവും വസ്തുതയുമില്ലാത്ത മുൻകാല വിവാദങ്ങളുടെ ഗതി തന്നെയാവും ഇതിനും ഉണ്ടാവുക. ഒരേകേന്ദ്രത്തിൽനിന്ന് ഒരേതരം കഥകൾ മെനഞ്ഞ്, അത് കൂട്ടായി പാടിനടന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എത്രയോ തവണ ശ്രമം നടന്നതാണ്. അതിന്റെ തനിയാവർത്തനമാണ് ഈ വിവാദവും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ദി ഹിന്ദു പോലൊരു പത്രത്തിൽനിന്ന് ഇങ്ങനെയൊരു രീതി ആരും പ്രതീക്ഷിക്കുന്നില്ല. CPI(M) counters Cong. move to vilify CM, family എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ നാലാം പാരഗ്രാഫിലാണ് അമാന്യമായ ഒരു പ്രയോഗം. .....Ms. Vijayan’s firm had rendered.... എന്നാണ് എക്സാലോജിക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് ഭാഷയിൽ ഇങ്ങനെയൊരു രീതിയില്ല. വീണ ടി ആണ് എക്സാലോജിക്കിന്റെ ഉടമ. അവരെ Ms. Veena എന്നു വിശേഷിപ്പിക്കാം. പുതിയ തലമുറ അംഗീകരിക്കില്ലെങ്കിലും Mrs. Riyas എന്നും വിശേഷിപ്പിക്കാം. പക്ഷേ, മകളുടെ പേര് പരാമർശിക്കുമ്പോൾ Ms എന്നു ചേർത്ത് അച്ഛന്റെ പേരെഴുതുന്ന രീതി ഇംഗ്ലീഷിലെന്നല്ല, ഒരു ഭാഷയിലുമില്ല. അത്തരം പ്രയോഗങ്ങൾ ദുഷ്ടലാക്കുള്ള മനസിൽനിന്ന് ജനിക്കുന്നതാണ്. ദി ഹിന്ദു പോലൊരു പത്രത്തിൽനിന്ന് ഹീനം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ഇത്തരം രീതികൾ ആരും പ്രതീക്ഷിക്കുന്നില്ല. നല്ല ഭാഷാശേഷിയും ശൈലിയും സ്വന്തമാക്കാൻ കുട്ടികൾക്ക് അധ്യാപകരും മുതിർന്നവരുമൊക്കെ നിർദ്ദേശിക്കുന്ന പത്രമാണ്. സ്വാഭാവികമായും ആ പത്രത്തിൽനിന്ന് നിലവാരമുള്ള ജേണലിസം രീതിയാണ് എല്ലാവരും ആഗ്രഹിക്കുക.
മുഖ്യമന്ത്രി സ. പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടാൻ രാഷ്ട്രീയ എതിരാളികളും ഒരു സംഘം മാധ്യമങ്ങളും ഇതാദ്യമായിട്ടല്ല ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ആ വൃഥാവ്യായാമത്തിന്റെ തുടർച്ചയാണ് ഈ വിവാദവും. നിയമാനുസൃത കരാറിലൂടെ ഇരുകൂട്ടരും അംഗീകരിച്ച സേവനത്തിന് നിയമപരമായി കൈമാറിയ പ്രതിഫലത്തുക സംബന്ധിച്ചാണ് വിവാദം ഉയർന്നിരിക്കുന്നത്. അത് അഴിമതിയാണ് എന്നാണ് ആക്ഷേപം. അഴിമതിയാകണമെങ്കിൽ, സി.എം.ആർ.എല്ലിന് നിയമവിരുദ്ധമായ എന്തെങ്കിലും സഹായം തിരിച്ചുചെയ്യണം. അങ്ങനെയൊന്നും സംഭവിച്ചിട്ടേയില്ല.
സ്വകാര്യമേഖലയിൽ കരിമണൽ ഖനനം ഒരുകാലത്തും എൽ.ഡി.എഫ് അംഗീകരിച്ചിട്ടില്ല. ഖനനത്തിനും ധാതുപദാർത്ഥങ്ങൾ വേർതിരിക്കാനും സ്വകാര്യമേഖലയ്ക്ക് അനുമതി നൽകിക്കൊണ്ട് തീരുമാനമെടുത്തത് കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ്. അതിന്റെ ചുവടുപിടിച്ചുകൊണ്ട് കേരളത്തിലും സ്വകാര്യമേഖലയിൽ കരിമണൽ ഖനനം നടത്താൻ എല്ലാ യു.ഡി.എഫ് സർക്കാരുകളും തുനിഞ്ഞ് ഇറങ്ങിയിട്ടുമുണ്ട്. അതിനെ ചെറുത്തുതോൽപ്പിച്ചത് എൽ.ഡി.എഫാണ്. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭം നടത്തിയാണ് കേരളത്തിൽ കരിമണൽ ഖനനത്തിനുള്ള അനുമതി പൊതുമേഖലയ്ക്ക് മാത്രമായി നൽകിയത്.
കോൺഗ്രസിന്റെ ചുവടുപിടിച്ച് ബി.ജെ.പി സർക്കാരും സ്വകാര്യമേഖലയിൽ ഖനനാനുമതി നൽകാനുള്ള നിയമഭേദഗതിയുമായി രംഗത്തുവന്നു. അതിനെയും എൽ.ഡി.എഫ് സർക്കാരാണ് ചെറുത്തുതോൽപ്പിച്ചത്.
എക്സാലോജിക്കും സി.എം.ആർ.എല്ലുമായി ഉണ്ടാക്കിയ കൺസൾട്ടൻസി കരാറും ആ സേവനങ്ങൾക്കു കൈമാറിയ പ്രതിഫലവും എൽ.ഡി.എഫിന്റെയോ പിണറായി സർക്കാരിന്റെയോ കരിമണൽ ഖനന നയത്തെ സ്വാധീനിച്ചിട്ടില്ല. അങ്ങനെയൊരു ആക്ഷേപവും നാളിതുവരെ ഉന്നയിക്കാനോ തെളിയിക്കാനോ മാധ്യമങ്ങൾക്കോ പ്രതിപക്ഷത്തിനോ കഴിഞ്ഞിട്ടുമില്ല. പിന്നെന്തു കണ്ടിട്ടാണ് ഈ കോലാഹലം?
യാതൊരു അടിസ്ഥാനവും വസ്തുതയുമില്ലാത്ത മുൻകാല വിവാദങ്ങളുടെ ഗതി തന്നെയാവും ഇതിനും ഉണ്ടാവുക. ഒരേകേന്ദ്രത്തിൽനിന്ന് ഒരേതരം കഥകൾ മെനഞ്ഞ്, അത് കൂട്ടായി പാടിനടന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എത്രയോ തവണ ശ്രമം നടന്നതാണ്. അതിന്റെ തനിയാവർത്തനമാണ് ഈ വിവാദവും.
Summary: 'Expect quality journalism from The Hindu': The former Kerala finance minister and senior CPM leader Dr.T.M Thomas Isaac criticizes the news against Chief Minister's daughter Veena T
Adjust Story Font
16