രാജ്യദ്രോഹക്കേസിൽ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെന്ന് ഐഷ സുൽത്താന
ദ്വീപിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം തെറ്റ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് അഡ്മിനിസ്‌ട്രേറ്ററെ ഭയമാണെന്നും ഐഷ ആരോപിച്ചു
തനിക്കെതിരായ രാജ്യദ്രോഹക്കേസിനു പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന. അറസ്റ്റ് പ്രതീക്ഷിച്ചാണ് കവരത്തി പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരായത്. ദ്വീപിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം തെറ്റാണെന്നും ഐഷ വ്യക്തമാക്കി.
രാജ്യദ്രോഹക്കേസിൽ ദ്വീപിൽ ചോദ്യംചെയ്യൽ കഴിഞ്ഞ് കൊച്ചിയിൽ തിരിച്ചെത്തിയ ഐഷ സുൽത്താന മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തനിക്കെതിരെ കൃത്യമായി അജണ്ട നടന്നിട്ടുണ്ട്. ഉമ്മയുടെയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളെല്ലാം പൊലീസ് പരിശോധിച്ചിട്ടുണ്ട്. ചോദ്യംചെയ്യൽ പൂർത്തിയായി മടങ്ങാൻ അനുമതി നൽകിയിട്ടും തന്റെ ഫോൺ അവർ പിടിച്ചെടുത്തു. ഇത് എന്തിനാണെന്ന് അറിയില്ല. ഇതിനെതിരെ നിയമനടപടിക്കില്ലെന്നും ഐഷ പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ സൂചിപ്പിച്ചുകൊണ്ട് മീഡിയവൺ ചർച്ചയിൽ നടത്തിയ ജൈവായുധ പരാമർശത്തിനാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിൽ ഉദ്യോഗസ്ഥരോട് പൂർണമായി സഹകരിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർക്ക് അഡ്മിനിസ്‌ട്രേറ്ററെ ഭയമാണെന്നും ഐഷ ആരോപിച്ചു.
അഗത്തിയിൽനിന്ന് ഐഷ യാത്ര ചെയ്ത വിമാനം മോശം കാലാവസ്ഥയെ തുടർന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തൽ തന്നെ ഇറക്കുകയായിരുന്നു. രാവിലെ കവരത്തിയിൽനിന്ന് ഹെലികോപ്ടറിൽ അഗത്തിയിലെത്തിയാണ് കൊച്ചിയിലേക്ക് വിമാനത്തിൽ പുറപ്പെട്ടത്.
Adjust Story Font
16