കെ.എസ് ഹരിഹരന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസ്: പ്രതികൾ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരെന്ന് എഫ്.ഐ.ആർ
സി.പി.എം ആസൂത്രിതമായി നടത്തിയ ആക്രമണമെന്നാണ് ആർ.എം.പി നേതാക്കൾ ആരോപിക്കുന്നത്
കോഴിക്കോട്: ആർ.എം.പി നേതാവ് കെ.എസ് ഹരിഹരൻ്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതിൽ പൊലീസ് കേസെടുത്തു. പ്രതികൾ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്.
ഹരിഹരൻ്റെ തേഞ്ഞിപ്പലം ഒളിപ്രംകടവിലെ വസതിക്ക് നേരെ ഇന്നലെ രാത്രിയിലാണ് സ്ഫോടക വസ്തു എറിഞ്ഞത്. സി.പി.എം ആസൂത്രിതമായി നടത്തിയ ആക്രമണമെന്നാണ് ആർ.എം.പി നേതാക്കൾ ആരോപിക്കുന്നത്. വടകരയിലെ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് ഇന്നലെ രാത്രി 8.30 ഓടെ കെ.എസ് ഹരിഹരൻ്റെ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത്.
ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്നാണ് കെ.എസ് ഹരിഹരൻ ആരോപിക്കുന്നത്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ്റെ ആഹ്വാന പ്രകാരമായിരുന്നു ആക്രമണമെന്ന് ആർ.എം.പിയും പ്രതികരിച്ചു. ഹരിഹരൻ്റെ പരാതിയിൽ കേസെടുത്ത പൊലീസ്, പ്രതികൾ സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പ്രതികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വടകരയിൽ യു.ഡി.എഫ് - ആർ.എം.പി സംഘടിപ്പിച്ച ജനകീയ കാമ്പയിൻ പരിപാടിയിൽ കെ.എസ് ഹരിഹരൻ നടത്തിയ പ്രസംഗം വിവാദമായിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിൻ്റെ വീടിനു നേരെ ആക്രമണമുണ്ടായത്.
Watch Video Report
Adjust Story Font
16