സുധാകരന്റെ അസഭ്യപ്രയോഗത്തിൽ ഹൈക്കമാൻഡിനോട് അതൃപ്തി അറിയിച്ച് സതീശൻ; ഇടപെട്ട് കെ.സി വേണുഗോപാൽ
സതീശനെ മോശമാക്കേണ്ട കാര്യം തനിക്കില്ല, ഞങ്ങൾ സഹോദരങ്ങളെപ്പോലെയാണെന്നും സുധാകരൻ
എറണാകുളം: സുധാകരന്റെ അസഭ്യപ്രയോഗത്തിൽ ഹൈക്കമാൻഡിനോട് അതൃപ്തി അറിയിച്ച് വി.ഡി സതീശൻ. അതേസമയം സതീശനുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് കെ.സുധാകരൻ വ്യക്തമാക്കി.
''ഞങ്ങൾ തമ്മിൽ ഒരു തർക്കവുമില്ല. മാധ്യമപ്രവർത്തകരുടെ അസ്വസ്ഥത കണ്ട് ഇടപെട്ടതാണ്. ആശയക്കുഴപ്പം ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും സുധാകരൻ പറഞ്ഞു. സതീശൻ ആരോടും രാജിഭീഷണി നടത്തിയിട്ടില്ല. ഞാൻ നേരെ ചൊവ്വേ സംസാരിക്കുന്നയാളാണ്. സതീശനെ മോശമാക്കേണ്ട കാര്യം തനിക്കില്ല, ഞങ്ങൾ സഹോദരങ്ങളെപ്പോലെയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം കെ.സുധാകരന്റെ അസഭ്യപ്രയോഗത്തില്‍ എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇടപെട്ടു. തെരഞ്ഞെടുപ്പിനെയും സമരാഗ്നി പരിപാടിയേയും ബാധിക്കുമെന്ന് കെ.സി വേണുഗോപാൽ മുന്നറിയിപ്പ് നല്‍കി. വിഷയത്തിൽ വേണുഗോപാൽ ഇരുവരോടും സംസാരിച്ചു.
കെ.പി.സി.സിയുടെ സമരാഗ്നി യാത്രയുടെ ഭാഗമായ വാർത്താസമ്മേളനം ആലപ്പുഴയിൽ വിളിച്ചത് രാവിലെ പത്ത് മണിക്കായിരുന്നു. 10.28ന് കെ സുധാകരൻ സ്ഥലത്തെത്തി. എന്നാൽ പ്രതിപക്ഷ നേതാവ് എത്തിയില്ല. ഡി.സി.സി അധ്യക്ഷൻ ബാബു പ്രസാദിനോട് വിളിച്ചു നോക്കാൻ സുധാകരൻ ആവശ്യപ്പെട്ടു. പിന്നെയും 20 മിനിറ്റ് കാത്തിരുന്നിട്ടും സതീശൻ എത്തിയില്ല. ഇതോടെയാണ് സുധാകരൻ കുപിതനായി ഇയാളിതെവിടെ പോയി കിടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറഞ്ഞത്.
Adjust Story Font
16