Quantcast

സൌജന്യ ഭക്ഷ്യകിറ്റ് നീട്ടാം, സാമ്പത്തിക ബാധ്യതയില്ലാതെ: ആശയവുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

ലോക്ക്ഡൌണിന്‍റെ രണ്ടാംഘട്ടത്തിലും ഭക്ഷ്യകിറ്റ് വിതരണം നടന്നുകൊണ്ടിരിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    22 Jun 2021 2:53 AM GMT

സൌജന്യ ഭക്ഷ്യകിറ്റ് നീട്ടാം, സാമ്പത്തിക ബാധ്യതയില്ലാതെ: ആശയവുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി
X

കോവിഡ് കാലത്ത് ഒരാളും പട്ടിണികിടക്കേണ്ടിവരില്ലെന്ന് പ്രഖ്യാപിച്ചാണ് കേരള സര്‍ക്കാര്‍ റേഷന്‍ കട വഴി സൌജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. കോവിഡിന്‍റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും സര്‍ക്കാര്‍ സൌജന്യമായി ഭക്ഷ്യകിറ്റ് നല്‍കിയിരുന്നു. ലോക്ക്ഡൌണിന്‍റെ രണ്ടാംഘട്ടത്തിലും ഭക്ഷ്യകിറ്റ് വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. ജൂലൈ ആദ്യം വരെ ഭക്ഷ്യകിറ്റ് കൊടുക്കുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിട്ടുള്ളത്. കിറ്റ് വിതരണം നീട്ടണമോ വേണ്ടയോ എന്ന് ക്യാബിനറ്റ് കൂടി തീരുമാനമെടുക്കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ ഭക്ഷ്യകിറ്റ് വിതരണം ഇനിയും തുടരാനായി ഒരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി.

നക്ഷത്ര ജനീവ് എന്നാണ് ഈ കൊച്ചുമിടുക്കിയുടെ പേര്. കോഴിക്കോട് ഫറൂഖ് കോളജിനടുത്ത് കാരാട് സ്വദേശിനി. ഭക്ഷ്യകിറ്റിനൊപ്പം ഒരു നോളജ് ബുക്ക് കൂടി ഉള്‍പ്പെടുത്തുക എന്ന ആശയമാണ് നക്ഷത്ര മുന്നോട്ടുവെക്കുന്നത്. ആ പുസ്തകത്തിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കാമെന്നും നക്ഷത്ര പറയുന്നു. പരസ്യം വഴി കിട്ടുന്ന വരുമാനം ഉപയോഗിച്ച് ഭക്ഷ്യകിറ്റ് വിതരണം എത്ര കാലത്തേക്ക് വേണമെങ്കിലും നീട്ടാമെന്നതാണ് നക്ഷത്ര മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട്.

അതത് മാസത്തെ പ്രധാന വാര്‍ത്തകള്‍, സംഭവങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍ക്കും സഹായകമാകുന്ന രീതിയില്‍ ഈ നോളജ് ബുക്കിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തണം. അങ്ങനെയാകുമ്പോള്‍ ഓരോ വീട്ടിലും ഒരു റഫറന്‍സ് പുസ്തകം എന്ന ആശയത്തിലേക്ക് എത്തും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മറ്റ് കമ്പനികള്‍ക്കും തങ്ങളുടെ പരസ്യങ്ങള്‍ ഓരോ വീട്ടിലും എത്തിക്കാന്‍ ഈ നോളജ് ബുക്ക് സഹായിക്കും. സര്‍ക്കാരിന് സര്‍ക്കാരിന്റെ പദ്ധതികളും ഉള്‍പ്പെടുത്താം. സര്‍ക്കാരിന് സ്വന്തം പ്രസ് ഉള്ളതുകൊണ്ട് പ്രിന്‍റിംഗ് ചാര്‍ജ് ഒന്നും അധികം വരികയുമില്ലെന്നും നക്ഷത്ര കൂട്ടിച്ചേര്‍ക്കുന്നു.

രാമനാട്ടുകര സേവാമന്ദിര്‍ പോസ്റ്റ് ബേസിക് സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നക്ഷത്ര.

TAGS :

Next Story