ഇത് ജനങ്ങളുടെ പുരസ്കാരം, കോർപറേറ്റുകളുടേതല്ല: മുഖ്യമന്ത്രി പിണറായി വിജയൻ
'ജനാധിപത്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്ക് ജനഹിതത്തെ അവഗണിക്കാനാകില്ല'
തിരുവനന്തപുരം: പ്രേക്ഷക വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ നിർണയിച്ച അവാർഡ് എന്ന നിലയ്ക്കാണ് മീഡിയവൺ ഫേസ് ഓഫ് കേരള പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലുമൊരു കോർപറേറ്റ് സ്ഥാപനം നൽകുന്ന പുരസ്‌കാരമല്ല ഇതെന്നും ജനാധിപത്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്ക് ജനഹിതത്തെ അവഗണിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മീഡിയവണ്‍ ഫേസ് ഓഫ് കേരള പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
ഭരണസംവിധാനത്തിൻറെ അപ്രീതിക്ക് പാത്രമായ ഒരു മാധ്യമസ്ഥാപനം നൽകുന്ന പുരസ്‌കാരമാണ് ഇതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
'വ്യവസ്ഥിതിയുടെ ഭാഗമായ വർഗീയതയിൽ അധിഷ്ഠിതമായ ഭരണ സംവിധാനത്തിൻറെ അപ്രീതിക്ക് പാത്രമായി ഒരു ഘട്ടത്തിൽ അടച്ചുപൂട്ടപ്പെട്ട ഒരു സ്ഥാപനം നൽകുന്ന പുരസ്‌കാരമാണിത്. അതോടൊപ്പം തന്നെ അതിൻറെ നിലപാടുകളിൽ അധികാര വ്യവസ്ഥയോട് അതിൻറെ മർദന, മർദക സംവിധാനങ്ങളോടെല്ലാമുള്ള ഒരു എതിർപ്പിൻറെ കനൽ നമുക്ക് കാണാൻ കഴിയും. ആ ഒരു നിലപാടിൻറെ ചൂട് പങ്കുവെക്കുന്ന മനസ്സാണ് എനിക്കുമുള്ളത്. അത് മതനിരപേക്ഷതക്ക് വേണ്ടി വർഗീയ അധികാര സംവിധാനത്തോട് ഒരു വിട്ടുവീഴ്ചയുമില്ലാതെ പൊരുതുന്ന ഒരു പ്രസ്ഥാനത്തിൻറെ ഭാഗമായതിലൂടെ രൂപപ്പെട്ട മനസ്സാണ്. അപ്പോൾ ഈ കാര്യത്തിലുള്ള മീഡിയവണിൻറെ നിലപാട് എൻറെയും എൻറെ പ്രസ്ഥാനത്തിൻറെയും ഈ കാര്യത്തിലുള്ള നിലപാട് പൊതുവെ യോജിക്കുന്നുണ്ട്. അതാണ് ഈ പുരസ്‌കാരം സ്വീകരിക്കുന്നതിന് ഇടയാക്കിയ ഒരു ഘടകം.'
കേരളത്തിന്റെ മുഖം എന്നു കേൾക്കുമ്പോൾ മനസ്സിൽ പതിയുന്ന ഒരുപാട് മുഖങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർക്കാണ് ഈ പുരസ്‌കാരം സമർപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കേരളത്തിൻറെ മുഖം എന്ന് കേൾക്കുമ്പോൾ എൻറെ മനസ്സിൽ പതിയുന്ന മറ്റനേകം മുഖങ്ങളുണ്ട്. അത് വളരെ നീണ്ട നിരയായത് കൊണ്ട് അവരെ കുറിച്ച് മുഴുവൻ പറയാൻ ഞാൻ ഉപയോഗിക്കുന്നില്ല. പക്ഷേ നിപാ ബാധിതരായ രോഗികളെ പരിചരിച്ച സിസ്റ്റർ ലിനി, ഓടയിലെ ഗർത്തത്തിലേക്ക് വീണുപോയവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ ജീവൻ ത്യജിക്കേണ്ട വന്ന ഓട്ടോ തൊഴിലാളി നൗഷാദ്...അങ്ങനെ വലിയൊരു നിര..... നേരത്തെ പ്രളയ ഘട്ടം പറഞ്ഞല്ലോ, ആ സന്ദർഭത്തിൽ സ്വന്തം ജീവൻ പോലും പരിഗണിക്കാതെ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ വേണ്ടി ബോട്ടുമായി ഓടിയെത്തിയ നമ്മുടെ മത്സ്യത്തൊഴിലാളികൾ, ഇവിടെ നിർധനയായ യുവതിയുടെ വിവാഹം ഹൈന്ദവ ആചാരപ്രകാരം നടത്തുന്നതിന് വേണ്ടി പള്ളി അങ്കണം വിട്ടുകൊടുത്ത മുസ്‌ലിം പള്ളി കമ്മിറ്റി, നമ്മുടെ നാടിൻറെ മുഖം എന്ന് പറയുന്നത് ഇവരാണ്.' - അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും കൂട്ടായ യത്‌നങ്ങളിലൂടെയാണ് കേരളം മറികടന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഒരു വ്യക്തിയുടെയോ സർക്കാരിൻറെയോ ശ്രമഫലമായല്ല നാം പ്രകൃതി ദുരന്തങ്ങളെയും മഹാമാരികളെയും അതിജീവിച്ചത്. കേരളത്തിൻറെയാകെ കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും ഫലമായാണത് സാധിച്ചത്. അത് കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ട ഘട്ടമാണിത്. കാരണം നാടിനെ, കേരളത്തിന് അർഹതപ്പെട്ടത് പോലും നിഷേധിക്കുന്ന നിലയുണ്ടാകുന്നു. അത്തരമൊരു സാഹചര്യത്തിൽ എല്ലാ വ്യത്യാസങ്ങൾക്കും ഭേദചിന്തകൾക്കും ഉപരിയായി ഒറ്റക്കെട്ടായി നിന്ന് പൊരുതാൻ നമുക്ക് കഴിയണം.' - പിണറായി ആവശ്യപ്പെട്ടു.
ഭൂരിപക്ഷ വർഗീയത രാജ്യത്തുണ്ടാക്കുന്ന ആപത്തുകളെ കുറിച്ച് മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.
'വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് എതിർത്ത് തോൽപ്പിക്കാനാവില്ല. മതനിരപേക്ഷത കൊണ്ട് മാത്രമേ വർഗീയതയെ തോൽപ്പിക്കാൻ സാധിക്കൂ. വർഗീയ ശക്തികൾ പരസ്പരം ഇന്ധനം നൽകി സ്വയം ആളിപ്പടരുകയും ആളിപടർത്തുകയും ചെയ്യും. ഭൂരിപക്ഷ വർഗീയത നമ്മുടെ രാജ്യത്ത് സൃഷ്ടിക്കുന്ന ആപത്തുകളുണ്ട്. അതിൻറെ ഭാഗമായി രൂപപ്പെട്ട ന്യൂനപക്ഷ വർഗീയതയുമുണ്ട്. ഇത് പരസ്പര പൂരകമായി വരുന്നുവെന്നത് നാം കാണേണ്ടതുണ്ട്. എന്തിൻറെ പേരിലായാലും വർഗീയതയെ വളരാൻ അനുവദിക്കരുത്. മതനിരപേക്ഷതയുടെ ഭാഗമായി നിന്നുകൊണ്ട് വിട്ടുവീഴ്ചയില്ലാതെ വർഗീയതയെ എതിർക്കുകയെന്നതായിരിക്കണം നാം സ്വീകരിക്കുന്ന നിലപാട്. നമ്മുടെ രാജ്യം ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഏത് മതത്തിലും വിശ്വസിക്കാനം ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും അവകാശമുള്ളവരാണ് നമ്മുടെ രാജ്യത്തെ പൗരൻമാർ. എല്ലാവർക്കും തുല്യ അവകാശം, സ്വാതന്ത്ര്യമാണ് നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നത്. എന്നിട്ടും നമ്മുടെ രാജ്യത്ത് നടക്കാൻ പാടില്ലാത്തെ പൗരത്വ നിയമ ഭേദഗതി പാസാക്കപ്പെട്ടു.' - അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവളം ലീല റാവിസിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകരായ തോമസ് ജേക്കബ്, ആർ രാജഗോപാൽ, ഒ അബ്ദുറഹ്‌മാൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിക്ക് പുരസ്‌കാരം സമ്മാനിച്ചത്. മീഡിയവൺ എഡിറ്റോറിയൽ ബോർഡ് മുമ്പോട്ടുവച്ച പത്ത് പേരിൽ നിന്നാണ് പ്രേക്ഷകർ പിണറായി വിജയനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
Adjust Story Font
16