ബിപിൻ റാവത്തിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: രശ്മിതക്കെതിരെ നടപടി ഉറപ്പെന്ന് എ.ജി
വിരമിച്ച നാല് സൈനിക ഉദ്യോഗസ്ഥരും ഒരു യുവമോർച്ച ദേശീയ നേതാവുമാണ് രശ്മിതക്കെതിരെ അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയത്
ബിപിൻ റാവത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സർക്കാർ അഭിഭാഷക രശ്മിത രാമചന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പ്. സ്വാഭാവിക നടപടി ഉണ്ടാകും, എന്നാൽ എന്തു നടപടിയാണുണ്ടാവുകയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എ.ജി പറഞ്ഞു. ആലുവ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് എ.ജി രശ്മിതക്കെതിരെ നടപടിയുണ്ടാകുമെന്ന കാര്യം സൂചിപ്പിച്ചത്. മുഖ്യമന്ത്രിയുമായി സാധാരണ കൂടിക്കാഴ്ച്ച മാത്രമാണ് നടത്തിയതെന്നും അതിനപ്പുറം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ച നാല് സൈനിക ഉദ്യോഗസ്ഥരും ഒരു യുവമോർച്ച ദേശീയ നേതാവുമാണ് രശ്മിതക്കെതിരെ അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയത്. ഫേസ്ബുക്കിലെ കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ രശ്മിതക്കെതിരെ നടപടി വേണമെന്നാണ് പരാതി.
'മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല'എന്ന് പറയുന്ന രശ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‍റെ വിവാദമായ മുന്‍ നിലപാടുകള്‍ അക്കമിട്ടു ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ഭരണ ഘടനാ സങ്കൽപങ്ങൾ മറികടന്നാണ് ബിപിൻ റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചതെന്ന് രശ്മിത വിമര്‍ശിച്ചു. കാശ്മീരി പൗരനെ മനുഷ്യകവചമായി തന്‍റെ ജീപ്പിന്‍റെ മുൻവശത്ത് കെട്ടിയിട്ട വിവാദ സംഭവവും വികലാംഗ പെൻഷനുമായി ബന്ധപ്പെട്ട റാവത്തിന്‍റെ നിലപാടും രശ്മിത ഓര്‍ത്തെടുത്തു. കല്ലെറിയുന്നവർക്കെതിരെ ശക്തമായി ആയുധങ്ങൾ പ്രയോഗിക്കണമെന്ന് റാവത്ത് പറഞ്ഞതായും പൗരത്വ പ്രക്ഷോഭക്കാർക്കെതിരെ ശക്തമായ ഭാഷ ഉപയോഗിച്ചതായും രശ്മിത അക്കമിട്ട് നിരത്തുന്നു.
Adjust Story Font
16