'സോണിയാ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി സീറ്റ് മേടിച്ച ആളല്ല നാട്ടകം സുരേഷ്'; തരൂരിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്
പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്നും കുറിപ്പ് വന്നത് ഡിസിസിയുടെ ഔദ്യോഗിക പേജിൽ അല്ലെന്നും നാട്ടകം സുരേഷ്
കോട്ടയം: ശശി തരൂർ എംപിയെ വിമർശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ കോട്ടയം ഡിസിസിയിൽ പ്രതിഷേധം. ഡിസിസിയുടെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് വന്നത്. സോണിയാ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത്. നാട്ടകം പഞ്ചായത്തിൽ പ്രസിഡന്റാവുമ്പോൾ വെറും 25 വയസ് മാത്രമേ നാട്ടകത്തിന് ഉണ്ടായിരുന്നുള്ളൂ എന്നും ഒരു ദിവസം നേരം പുലർന്നപ്പോൾ കുപ്പായവും തയ്ച്ചു കോൺഗ്രസുകാരനായത് അല്ല എന്നും പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്‍റെ പൂർണരൂപം
'സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്. സിപിഎമ്മിന്റെ കുത്തകയായിരുന്ന നാട്ടകം പഞ്ചായത്തിൽ കോൺഗ്രസിന്റെ മൂവർണ കൊടി പായിച്ചു പഞ്ചായത്ത് പ്രസിഡന്റാവുമ്പോൾ ഇദ്ദേഹത്തിന് പ്രായം വെറും 25 വയസ് മാത്രമായിരുന്നു.
കെഎസ് യു ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങി പാർട്ടിയുടെ പല മേഖലയിലും വർഷങ്ങൾ പ്രവർത്തിച്ചിട്ടാണ് നാട്ടകം സുരേഷ് കോട്ടയം ഡിസിസി പ്രസിഡന്റായത്. ഒരു ദിവസം നേരം പുലർന്നപ്പോൾ കുപ്പായവും തയ്ച്ചു കോൺഗ്രസുകാരനായത് അല്ല'
അതേസമയം വിവാദയതോടെ പോസ്റ്റിലെ ഒരുഭാഗം നീക്കം ചെയ്തു. എന്നാൽ പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്നും കുറിപ്പ് വന്നത് ഡിസിസിയുടെ ഔദ്യോഗിക പേജിൽ അല്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു. പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ നാട്ടകത്തിന്റേതാണെന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
വിവാദങ്ങള്‍ക്കിടയിലും കേരള പര്യടനം തുടരുകയാണ് ശശി തരൂർ. രാവിലെ സിറോ മലബാർ സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് സെന്റ് മൗണ്ട് തോമസിലെത്തിയ തരൂർ കർദിനാൾ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് കൂടിക്കാഴ്ചക്ക് ശേഷം തരൂർ പ്രതികരിച്ചു. രണ്ട് വിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകണം. കോട്ടയത്ത് എല്ലാവരെയും അറിയിച്ചാണ് പരിപാടിയിൽ പങ്കെടുത്തതെന്നും തരൂർ പറഞ്ഞു.
തരൂർ വിഷയം രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യുമെന്ന് കെ.മുരളീധരന്‍റെ പ്രതികരിച്ചു. ഇപ്പോഴുണ്ടായ ചില പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്. തരൂർ ഇതുവരെ നടത്തിയ പ്രവർത്തനം പാർട്ടിക്ക് ഗുണകരമായിട്ടുണ്ട്. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഘടകകക്ഷികൾ ചൂണ്ടികാണിക്കുക സ്വാഭാവികമാണെന്നും നാട്ടകം സുരേഷിന് മറുപടി നൽകേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
Adjust Story Font
16